മൊറാദാബാദ് ഹിന്ദു കോളജിൽ ഹിജാബ് വിലക്ക്; വിദ്യാർഥികൾ ക്യാമ്പസിൽ പ്രവേശിക്കുന്നത് തടഞ്ഞു
ഇതുവരെ കോളജിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. ഇന്ന് അപ്രതീക്ഷിതമായാണ് ഹിജാബും ബുർഖയും വിലക്കി കോളജ് മാനേജ്‌മെന്റ് രംഗത്തെത്തിയത്.
മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദ് ഹിന്ദു കോളജിൽ ഹിജാബ് ധരിച്ച വിദ്യാർഥികൾക്ക് വിലക്ക്. കോളജ് യൂണിഫോം ധരിച്ചവരെ മാത്രമേ ക്യാമ്പസിൽ പ്രവേശിപ്പിക്കാനാവു എന്ന നിലപാടിലാണ് കോളജ് അധികൃതർ. ഹിജാബ് ധരിച്ചവരെ കോളജിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും ഗെയ്റ്റിന് പുറത്തുവെച്ച് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടെന്നും വിദ്യാർഥികൾ പറഞ്ഞു.
ഇന്ന് രാവിലെ 11 മണിയോടെയാണ് കോളജിലെത്തിയ വിദ്യാർഥികളെ അധികൃതർ തടഞ്ഞത്. ഇതുവരെ കോളജിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. ഇന്ന് അപ്രതീക്ഷിതമായാണ് ഹിജാബും ബുർഖയും വിലക്കി കോളജ് മാനേജ്‌മെന്റ് രംഗത്തെത്തിയത്. വിദ്യാർഥികൾക്ക് പിന്തുണയുമായി സമാജ്‌വാദി ഛാത്ര സഭ രംഗത്തെത്തി. കോളജ് ഡ്രസ് കോഡിൽ ഹിജാബും ബുർഖയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഛാത്ര സഭ മാനേജ്‌മെന്റിന് നിവേദനം നൽകി.
കോളജിൽ നിശ്ചിത ഡ്രസ് കോഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അത് ലംഘിക്കുന്നവരെ ഒരു കാരണവശാലും ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്നും കോളജിൽ പ്രൊഫസറായ ഡോ. എ.പി സിങ് പറഞ്ഞു. വിലക്ക് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വിദ്യാർഥികൾ കോളജ് ഗെയ്റ്റിന് സമീപം പ്രതിഷേധിക്കുകയാണ്.
കഴിഞ്ഞ വർഷം കർണാടകയിലെ കോളജിൽ ഹിജാബ് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കോളജ് യൂണിഫോം അല്ലാതെ മറ്റൊരു വസ്ത്രവും അനുവദിക്കില്ലെന്ന നിലപാടാണ് കർണാടകയിലെ കോളജ് മാനേജ്‌മെന്റും സ്വീകരിച്ചിരുന്നത്. തുടർന്ന് വിദ്യാർഥികൾ കോടതിയെ സമീപിച്ചെങ്കിലും കർണാടക ഹൈക്കോടതി വിലക്ക് ശരിവെച്ചു. ഇതിനെതിരെ വിദ്യാർഥികൾ സുപ്രിംകോടതിയിൽ അപ്പീൽ നൽകി, സുപ്രികോടതി ബെഞ്ച് വിഷയത്തിൽ ഭിന്നവിധിയാണ് പ്രസ്താവിച്ചത്.
Several #Burqa wearing #Muslim students were denied to enter into Hindu PG College of #Moradabad, #UttarPradesh citing the compulsory of dress code. Students protested against the college authority.#Hijab #HijabBan pic.twitter.com/TabDziTy0c
— Hate Detector 🔍 (@HateDetectors) January 19, 2023