ലൈംഗിക ആരോപണം; ഗോവ മന്ത്രി മിലിന്ദ് നായിക് രാജിവച്ചു
മന്ത്രി തന്‍റെ ഓഫീസില്‍ വച്ച് ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചുവെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തെ തുടര്‍ന്നാണ് മിലിന്ദ് രാജി വച്ചത്
ലൈംഗികാരോപണത്തില്‍ ഉള്‍പ്പെട്ട ഗോവ നഗരവികസന മന്ത്രിയും ബി.ജെ.പി നേതാവുമായി മിലിന്ദ് നായിക് രാജിവച്ചു. മന്ത്രി തന്‍റെ ഓഫീസില്‍ വച്ച് ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചുവെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തെ തുടര്‍ന്നാണ് മിലിന്ദ് രാജി വച്ചത്.
കൃത്യവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കാന്‍ നായിക് രാജി സമര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മിലിന്ദിന്‍റെ രാജി സ്വീകരിച്ച് ഗവര്‍ണര്‍ക്ക് അയച്ചതായി സിഎംഒ ഓഫീസ് ട്വീറ്റ് ചെയ്തു. ദക്ഷിണ ഗോവയിലെ മോർമുഗാവോ മണ്ഡലത്തില്‍ നിന്നും ജയിച്ചാണ് മിലിന്ദ് നിയമസഭയിലെത്തിയത്. തുടര്‍ന്ന് പ്രമോദ് സാവന്ത് മന്ത്രിസഭയില്‍ നഗരവികസനകാര്യ വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്തു. മനോഹർ പരീക്കറുടെ നേതൃത്വത്തിലുള്ള മുൻ മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു.
ക്യാബിനറ്റ് അംഗമെന്ന നിലയിലുള്ള അധികാരം ദുരുപയോഗം ചെയ്ത് സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തതിൽ നായികിന് പങ്കുണ്ടെന്ന് കോൺഗ്രസ് ഗോവ അധ്യക്ഷൻ ഗിരീഷ് ചോദങ്കർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സാവന്ത് മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹത്തിനെതിരായ ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കണമെന്നും ഗിരീഷ് ആവശ്യപ്പെട്ടു. രണ്ടാഴ്ച മുമ്പ്, ചോദങ്കർ ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും മന്ത്രി ആരെന്ന് വ്യക്തമാക്കിയിരുന്നില്ല. കുറ്റാരോപിതനായ മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ 15 ദിവസത്തെ സമയം അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. എന്നാല്‍ മന്ത്രിയുടെ പേര് പറയാനും യുവതി നൽകിയ പരാതിയുടെ പകർപ്പ് നൽകാനും പ്രമോദ് സാവന്ത് ചോദങ്കറിനോട് ആവശ്യപ്പെട്ടു.
നായികിന്‍റെ പേര് ചോദങ്കര്‍ വ്യക്തമാക്കിയതിന് പിന്നാലെ ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് സങ്കൽപ് അമോങ്കറും മന്ത്രിക്കെതിരെ പൊലീസിൽ പരാതി നൽകി. ഒരു പത്രസമ്മേളനത്തിൽ യുവതിയും മന്ത്രിയും തമ്മിലുള്ള സംഭാഷണവും അമോങ്കർ പുറത്തുവിട്ടിരുന്നു.