20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യവിരുദ്ധ ഉള്ളടക്കവും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം

Update: 2021-12-21 14:53 GMT
Advertising

20 യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ ബ്ലോക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രണ്ട് വാര്‍ത്താ വെബ്‌സൈറ്റുകളും നിരോധിച്ചിട്ടുണ്ട്. രാജ്യവിരുദ്ധ ഉള്ളടക്കവും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം രണ്ട് ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ഒന്ന് വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിനോട് 20 ചാനലുകൾ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചു. രണ്ടാമത്തെ ഉത്തരവില്‍ രണ്ട് വാർത്താ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും നിർദേശം നല്‍കി.

"പാകിസ്താനിൽ നിന്ന് പ്രവർത്തിക്കുന്ന ചില ചാനലുകളും വെബ്‌സൈറ്റുകളും ഇന്ത്യയെ സംബന്ധിച്ച സെൻസിറ്റീവ് വിഷയങ്ങളില്‍ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. കശ്മീർ, ഇന്ത്യൻ സൈന്യം, ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ, രാമക്ഷേത്രം, ജനറൽ ബിപിൻ റാവത്തിന്‍റെ മരണം തുടങ്ങിയ വിഷയങ്ങളിൽ ഭിന്നതയുണ്ടാക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചു" എന്നാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചത്. നിരവധി യൂട്യൂബ് ചാനലുകളുടെ ശൃംഖലയായ 'നയാ പാകിസ്താന്‍' ഗ്രൂപ്പിന്റെ ചാനലുകളും നിരോധിച്ചവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

കര്‍ഷകരുടെ പ്രതിഷേധം, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ ന്യൂനപക്ഷങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. രഹസ്യാന്വേഷണ ഏജന്‍സികളുമായി ഏകോപിച്ചാണ് യൂട്യൂബ് ചാനലുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാന്‍ മന്ത്രാലയം തീരുമാനിച്ചത്.

ദി പഞ്ച് ലൈന്‍, ഇന്റര്‍നാഷണല്‍ വെബ് ന്യൂസ്, ഖല്‍സ ടി.വി, ദി നേക്കഡ് ട്രൂത്ത്, 48 ന്യൂസ്, ന്യൂസ്24, ഫിക്ഷണല്‍, ഹിസ്റ്റോറിക്കല്‍ ഫാക്ട്‌സ്, പഞ്ചാബ് വൈറല്‍, നയാ പാകിസ്താന്‍ ഗ്ലോബല്‍, കവര്‍ സ്റ്റോറി, ഗോ ഗ്ലോബല്‍, ഇ-കൊമേഴ്സ്, ജുനൈദ് ഹലീം ഒഫീഷ്യല്‍, തയ്യബ് ഹനീഫ്, സെയിന്‍ അലി ഒഫീഷ്യല്‍, മൊഹ്സിന്‍ രജ്പുത്, ഒഫീഷ്യല്‍, കനീസ് ഫാത്തിമ, സദാഫ് ദുറാനി, മിയാന്‍ ഇമ്രാന്‍, അഹ്മദ്, നജാം ഉല്‍ ഹസ്സന്‍, ബജ്‌വ തുടങ്ങിയവയാണ് ഇന്ത്യയില്‍ നിരോധിച്ച ചാനലുകള്‍. കശ്മീര്‍ ഗ്ലോബല്‍, കശ്മീര്‍ വാച്ച് എന്നിവയാണ് നിരോധിച്ച വെബ്സൈറ്റുകള്‍.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News