ഗുജറാത്തിൽ മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തിലിടിപ്പിച്ച് യുവതി; ചോദ്യം ചെയ്തപ്പോൾ അസഭ്യവും പൊലീസുകാർക്ക് മർദനവും
അപകടമുണ്ടാക്കിയ യുവതിയുടെ കാർ പാെലീസ് തടഞ്ഞുനിർത്തുകയായിരുന്നു.
വഡോദര: മദ്യപിച്ച് സ്ത്രീ ഓടിച്ച കാർ മറ്റൊരു വാഹനത്തിലിടിപ്പിച്ചത് ചോദ്യം ചെയ്തതോടെ അസഭ്യവർഷവും പൊലീസിന് മർദനവും. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. മോന ഹിംഗു എന്ന സ്ത്രീയാണ് തന്റെ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചതിനു പിന്നാലെ ഇത് ചോദ്യം ചെയ്ത പൊലീസുകാരെ തല്ലിയത്.
വഡോദര നഗരത്തിലെ വസ്‌ന റോഡിലാണ് ഹിംഗു തന്റെ കാർ മറ്റൊരു വാഹനത്തിൽ ഇടിപ്പിച്ച് അപകടമുണ്ടാക്കിയത്. ഇത് ഡ്രൈവർ ചോദിച്ചപ്പോൾ അയാളെ ഹിംഗു അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് കാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്ത പൊലീസുകാരെ ഹിംഗു ശാരീരികമായി ആക്രമിക്കുകയായിരുന്നു. ഇതോടെ സ്ഥിതിഗതികൾ വഷളായി.
വിഷയത്തിൽ ഇടപെട്ട മറ്റ് പൊലീസുകാരെയും ഇവർ പിടിച്ചുതള്ളുകയും തല്ലുകയും അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യം നിരോധനം നിലനിൽക്കുന്ന സംസ്ഥാനത്താണ് ഹിംഗു മദ്യപിച്ച് വാഹനമോടിച്ചതും നടുറോഡിൽ അതിക്രമം കാട്ടുകയും ചെയ്തത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. റോഡിൽ വച്ച് യുവതി സ്ത്രീ- പുരുഷ പൊലീസുകാരെ അധിക്ഷേപിക്കുന്നതും പിടിച്ചുവലിക്കുന്നതും തള്ളുന്നതും മർദിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സംസ്ഥാനത്ത് മദ്യം നിരോധിച്ചതിന് ശേഷവും മദ്യം വിൽക്കുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
മദ്യപിച്ച് വാഹനമോടിച്ചതിനും പൊലീസുകാരെ കൈയേറ്റം ചെയ്തതിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. അപകടമുണ്ടാക്കിയ യുവതിയുടെ കാർ പാെലീസ് തടഞ്ഞുനിർത്തുകയായിരുന്നു. യുവതി മദ്യപിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഒരു വനിതാ ഓഫീസർ കാറിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും വാഹനം പരിശോധിക്കാൻ മറ്റ് പൊലീസുകാരോട് പറയുകയുമായിരുന്നു.
ഇതോടെ യുവതി പ്രകോപിതയാകുകയും അസഭ്യം പറയുകയും വനിതാ ഓഫീസറെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ശാന്തമാവാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പുരുഷ പൊലീസുകാരനെയും യുവതി തല്ലി. ഒടുവിൽ ഏറെ പണിപ്പെട്ടാണ് ഇവരെ പൊലീസ് പിടികൂടി കൊണ്ടുപോയത്.