ഹരിയാന തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നത് ജാട്ട് വിഭാഗത്തിന്‍റെ വോട്ട്
ഹരിയാനയിലെ ജനവിധിയില്‍ നിര്‍ണായകമാണ് ജാതി സമവാക്യം
ചണ്ഡീഗഡ്: ഹരിയാനയിലെ ജനവിധിയില്‍ നിര്‍ണായകമാണ് ജാതി സമവാക്യം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ഓരോ പാർട്ടിയുടെയും മുൻപിലെ പ്രധാന കടമ്പ. ജാട്ട് വിഭാഗത്തിന്‍റെ വോട്ടാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ നിർണായകമാവുക.
ജാതീയ സമവാക്യങ്ങൾ വലിയതോതിൽ സ്വാധീനം ചെലുത്തുന്ന സംസ്ഥാനമാണ് ഹരിയാന. സംസ്ഥാനത്തെ ഏറ്റവും വലിയ വിഭാഗമാണ് ജാട്ട് സമുദായം,മൊത്തം ജനസംഖ്യയുടെ 27 ശതമാനം .37 സീറ്റുകളിൽ ജാട്ട് വോട്ടുകൾ നിർണായക ഘടകമാകും. ജാട്ട് വോട്ടുകൾ ഇത്തവണ തങ്ങൾക്ക് ഒപ്പം നിൽക്കുമെന്നാണ് കോൺഗ്രസ് കണക്കുക്കൂട്ടൽ. അഗ്നിപഥ് പദ്ധതി, കർഷകരുടെ പ്രതിഷേധം, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയവയിൽ ജാട്ട് വിഭാഗം ബിജെപിക്കെതിരെ കടുത്ത അതൃപ്തിയിലാണ്. മനോഹർ ലാൽ ഖട്ടറിനെ മാറ്റിയപ്പോൾ ജാട്ട് വിഭാഗത്തിൽ നിന്നൊരു മുഖ്യമന്ത്രിയെ കൊണ്ട് വരാത്തതും ജാട്ട് വിഭാഗത്തിന്‍റെ അതൃപ്തി ആക്കം കൂട്ടി.
ജാട്ട് വിഭാഗത്തിന്‍റെ പ്രതിഷേധങ്ങൾ തുടർന്ന് സാഹചര്യത്തിൽ ജാട്ട് വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥികളെ എണ്ണത്തിലും ബിജെപി ഗണ്യമായ കുറവ് വരുത്തി. 2019 ൽ ജാട്ട് വിഭാഗത്തിൽ നിന്ന് 19 സ്ഥാനാർഥികളെ ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 16 സ്ഥാനാർഥികൾ മാത്രമാണുള്ളത്. അതേസമയം ജാട്ട് വിഭാഗങ്ങൾക്കൊപ്പം മുസ്‍ലിം വോട്ടുകളും തങ്ങളുടെ പാളയത്തിൽ എത്തിച്ച് വിജയം ഉറപ്പിക്കാന് കോൺഗ്രസ് നീക്കം.