ആരാണ് യഥാര്‍ഥ ശിവസേന? മഹാരാഷ്ട്ര ഫലം തെളിയിക്കുന്നത്!

ഷിൻഡേ സേന മത്സരിച്ച 81 സീറ്റിൽ 53ലും മുന്നിട്ടുനിൽക്കുമ്പോൾ 95ൽ 23 സീറ്റുകളിലാണ് താക്കറെ വിഭാഗം ലീഡ് ചെയ്യുന്നത്

Update: 2024-11-23 06:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മുന്നേറുമ്പോൾ, യഥാർത്ഥ സേന ഏതെന്ന് തെളിയിക്കാനുള്ള പോരാട്ടത്തിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടിയെ അട്ടിമറിച്ചതായിട്ടാണ് ഫലങ്ങള്‍ തെളിയിക്കുന്നത്. ഷിൻഡേ സേന മത്സരിച്ച 81 സീറ്റിൽ 53ലും മുന്നിട്ടുനിൽക്കുമ്പോൾ 95ൽ 23 സീറ്റുകളിലാണ് താക്കറെ വിഭാഗം ലീഡ് ചെയ്യുന്നത്.

ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ഷിൻഡേ സേന മത്സരിച്ച 15 സീറ്റുകളിൽ ഏഴും വിജയിച്ചിരുന്നു, 21 സീറ്റിൽ ഒമ്പത് സീറ്റുകൾ നേടിയ താക്കറെ വിഭാഗത്തെ അപേക്ഷിച്ച് മികച്ച സ്‌ട്രൈക്ക് റേറ്റ് നേടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയെക്കാൾ മികച്ച സ്‌കോർ നേടിയ പ്രതിപക്ഷത്തിൻ്റെ ഇന്‍ഡ്യാ സംഘം, സേന ഐഡൻ്റിറ്റിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ വിജയിച്ചതായി താക്കറെ ക്യാമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് ശേഷം ഷിന്‍ഡെയുടെ തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുന്നത്.

2019-ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അവിഭക്ത ശിവസേന 124 സീറ്റുകളിലാണ് മത്സരിച്ചത്. ബിജെപിക്കും മറ്റ് സഖ്യകക്ഷികൾക്കുമായി 163 സീറ്റുകള്‍ വിട്ടുകൊടുത്തിരുന്നു.അവിഭക്ത ശിവസേനയും എന്‍സിപിയും യഥാക്രമം 56, 54 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 44 സീറ്റുകളാണ് ലഭിച്ചത്.

ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഭൂരിപക്ഷം ശിവസേന എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ ജൂണിൽ താഴെവീഴുകയായിരുന്നു. തുടർന്ന് ശിവസേനയുടെ വിമത എംഎൽഎമാർ ബിജെപിയുമായി കൈകോർത്ത് സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിച്ചു. മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസും ജൂൺ 30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിനു പിന്നാലെ വിമതരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി താക്കറെ പക്ഷം സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News