നാല് കുട്ടികൾക്ക് ജന്മം നൽകൂ, ഒരു ലക്ഷവും അവാർഡും നേടൂ ; ബ്രാഹ്മണ ദമ്പതികൾക്ക് മധ്യപ്രദേശ് മന്ത്രിയുടെ വാഗ്‌ദാനം
ബ്രാഹ്മണർ മക്കളുടെ എണ്ണം കൂട്ടിയില്ലെങ്കിൽ നിരീശ്വരവാദികൾ രാജ്യം പിടിച്ചെടുക്കുമെന്നും മന്ത്രി വിഷ്‌ണു രജോരിയ പറഞ്ഞു...
ഭോപ്പാൽ: നാല് മക്കളുള്ള ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ ബോർഡ്. പരശുരാമ കല്യാൺ ബോർഡിന്റെ പ്രസിഡന്റും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ വിഷ്‌ണു രജോരിയയുടേതാണ് പ്രഖ്യാപനം.
നിരീശ്വരവാദികളുടെയും മതത്തെ ധിക്കരിക്കുന്നവരുടെയും എണ്ണം കൂടിവരികയാണെന്ന് ഭോപ്പാലിലെ ഒരു പരിപാടിയിൽ സംസാരിക്കവെ രജോരിയ ചൂണ്ടിക്കാട്ടി. കുടുംബങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് കുറഞ്ഞതിന്റെ അനന്തരഫലമാണിതെന്നും രജോരിയ പറഞ്ഞു. യുവാക്കളിൽ വലിയ പ്രതീക്ഷകളുണ്ട്. പ്രായമായവരിൽ നിന്ന് നമുക്ക് കൂടുതൽ പ്രതീക്ഷിക്കാനാവില്ല.. ഭാവി തലമുറയുടെ സംരക്ഷണത്തിന് നിങ്ങൾ ഉത്തരവാദികളാണ്. യുവാക്കൾ ഒരു കുട്ടിയിൽ നിർത്തുന്നത് വലിയ പ്രശ്‌നമാണ്. കുറഞ്ഞത് നാല് മക്കളെങ്കിലും വേണമെന്നും മന്ത്രി അഭ്യർഥിച്ചു.
പരശുരാമ ബോർഡ് നാല് കുട്ടികളുള്ള ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. താൻ ബോർഡ് പ്രസിഡന്റായാലും അല്ലെങ്കിലും ഈ അവാർഡ് നൽകുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ വിദ്യാഭ്യാസം വളരെ ചെലവേറിയതാണെന്ന് ചൂണ്ടിക്കാട്ടിയ യുവാക്കളോട് എങ്ങനെയെങ്കിലും കൈകാര്യം ചെയ്യണമെന്നും പ്രസവിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകരുതെന്നും മന്ത്രി അഭ്യർഥിച്ചു. അല്ലെങ്കിൽ നിരീശ്വരവാദികൾ രാജ്യം പിടിച്ചെടുക്കുമെന്നാണ് വാദം.
തന്റെ പ്രഖ്യാപനം വ്യക്തിപരമായ സംരംഭം മാത്രമാണെന്നും സർക്കാർ സംരംഭമല്ലെന്നും രജോരിയ വിശദീകരിക്കുന്നുണ്ട്. ഒരു കമ്യൂണിറ്റി പരിപാടിയിൽ നടത്തിയ സാമൂഹിക പ്രസ്‌താവനയാണിത്. ഉയർന്ന സ്ഥാനങ്ങളിലേക്കുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവും പരിശീലനവും ഉൾപ്പെടെയുള്ള പ്രതിബദ്ധതകൾ ബ്രാഹ്മണ സമൂഹത്തിന് നിറവേറ്റാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.