സിദ്ധാർഥന്റെ ദുരൂഹ മരണം: 19 പ്രതികൾക്കും ജാമ്യം
സിബിഐയുടെയും സിദ്ധാർഥന്റെ അമ്മ ഷീബയുടേയും വാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹ മരണക്കേസിൽ 19 പ്രതികൾക്കും ജാമ്യം. കർശന ഉപാധികളോടെയാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ട് പോവാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.
സിബിഐയുടെയും സിദ്ധാർഥന്റെ അമ്മ ഷീബയുടേയും വാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ഇതിനു മുമ്പ് വിധി പറയാനായി ഹരജി മാറ്റിയ ശേഷം പൊലീസിന്റെയും സിബിഐയുടേയും കേസ് ഡയറികൾ ഹൈക്കോടതി പരിശോധിച്ചിരുന്നു. ഇതുകൂടി പരിശോധിച്ച ശേഷമാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്.
ജുഡീഷ്യൽ കസ്റ്റഡിയിൽ 60 ദിവസം പിന്നിട്ടുകഴിഞ്ഞതിനാൽ തങ്ങൾക്ക് ജാമ്യത്തിനുള്ള അർഹതയുണ്ടെന്നാണ് പ്രതികൾ ഹൈക്കോടതിയിൽ വാദിച്ചത്. ഇതു കൂടി കേട്ട ശേഷമാണ് കോടതി വിധി. സിദ്ധാർഥനെ ഹോസ്റ്റലിൽ വച്ച് മർദിച്ച പ്രതികളും ജാമ്യം ലഭിച്ചവരിൽ ഉൾപ്പെടുന്നു.
സിദ്ധാർഥന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ഇനിയും നടക്കാനുണ്ട്. മരണം എങ്ങനെയെന്ന് ഇപ്പോഴും സംശയമുള്ള സാഹചര്യത്തിൽ ഫോറൻസിക് റിപ്പോർട്ട് സാമ്പിളുകൾ കൃത്യമായ പരിശോധനയ്ക്കായി എയിംസിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിലൊരു സ്ഥിരീകരണമുണ്ടാവുകയുള്ളൂ എന്ന് സിബിഐ വാദിച്ചെങ്കിലും പ്രതികൾക്ക് ജാമ്യം നൽകാൻ കോടതി തീരുമാനിക്കുകയായിരുന്നു.