‘ഗോരക്ഷാഗുണ്ടകൾ കരുതി അവൻ മുസ്‍ലിമാണെന്ന്, ബ്രാഹ്മണനെ കൊന്നതിൽ അവർ ഇപ്പോൾ ഖേദിക്കുന്നുവെന്ന് കൊല്ലപ്പെട്ട വിദ്യാർഥിയുടെ പിതാവ്

‘നിങ്ങൾ എന്തിനാണ് ഒരു മുസ്‍ലിമിനെ കൊല്ലുന്നത് ? പശു മാത്രമാണോ കാരണമെന്ന്' അനിൽ കൗശിക്കിനോട് ചോദിച്ചുവെന്നും കൊല്ലപ്പെട്ട ആര്യൻ മിശ്രയുടെ പിതാവ്

Update: 2024-09-04 10:03 GMT
Advertising

ഫരീദാബാദ്: പശുക്കടത്താണെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയിൽ പ്ലസ്ടു വിദ്യാർഥിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ആര്യൻ മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്ര. കഴിഞ്ഞയാഴ്ചയാണ് ഫരീദാബാദ് സ്വദേശിയായ 19 കാരനെ വെടിവെച്ചു​ കൊന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് പശുക്കടത്താണെന്ന് തെറ്റിദ്ധരിച്ച ഗോരക്ഷാഗുണ്ടകളാണ് കൊലപാതകികളെന്ന വാർത്ത പുറത്തുവരുന്നത്.

ഗോരക്ഷാഗുണ്ടയായ കേസിലെ മുഖ്യപ്രതിയും ബജറംഗ്ദൾ നേതാവുമായ അനിൽ കൗശികിനെ മകൻ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ പിതാവ് സിയാനന്ദ് മിശ്ര ഫരീദാബാദിലെ ജയിലിലെത്തി സന്ദൾശിച്ചു.

‘അനിൽ കൗശിക് തന്റെ കാലിൽ തൊട്ടു മാപ്പ് ചോദിച്ചു. എന്റെ മകൻ മുസ്‍ലിമാണെന്ന് കരുതിയാണ് അവൻ കൊന്നത്. ഒരു ബ്രാഹ്മണ​നെ കൊന്നതിൽ അവൻ ഇപ്പോൾ ഖേദിക്കുന്നു’ മകന്റെ കൊലയാളിയുമായി ആഗസ്റ്റ് 27 ന് ജയിലിൽ നടത്തിയ കൂടിക്കാഴ്ചയെ പറ്റി ദ പ്രിന്റ് അടക്കമുള്ള  ദേശീയ മാധ്യമങ്ങളോട് സിയാനന്ദ് മിശ്ര വിശദീകരിച്ചതിങ്ങനെയാണ്.

ബജ്‌റംഗ്ദൾ അംഗവും ക്രിമിനലുമായ അനിൽ ഫരീദാബാദ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.19 കാരനായ ആര്യൻ മിശ്രയെ കൊലപ്പെടുത്തിയ കേസിൽ ഗോരക്ഷാഗുണ്ടകളായ അനിൽ കൗശിക്കടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഗുണ്ടാപിരിവിന്റെ പേരിൽ നടന്ന ​കൊലപാതകമാണെന്നാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ, ആര്യനും സുഹൃത്തുക്കളും അവരുടെ കാറിൽ പശുക്കളെ കടത്തുകയായിരുന്നുവെന്ന് സംശയിച്ചാണ് വെടി​െവച്ചതെന്ന് കൗശിക്കും കൂട്ടാളികളും ​വെളിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പാണ് ഹരിയാനയിലെ ചാർഖി ദാദ്രിയിൽ സാബിർ മാലിക് എന്ന കുടിയേറ്റ തൊഴിലാളിയെ ബീഫ് കഴിച്ചുവെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച് ഗോരക്ഷാഗുണ്ടകൾ അടിച്ചുകൊന്നത്. ആ സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളിലാണ് പ്ലസ്ടു വിദ്യാർഥിയെ പശുക്കടത്താരോപിച്ച് വെടി​വെച്ച് ​കൊല്ലുന്നത്.

'നിങ്ങൾ എന്തിനാണ് ഒരു മുസ്‍ലിമിനെ കൊല്ലുന്നത് ? പശു മാത്രമാണോ കാരണം​. നിങ്ങൾക്ക് കാറിന്റെ ചക്രത്തിൽ വെടിവെക്കാമായിരുന്നു അല്ലെങ്കിൽ പൊലീസിനെ വിളിക്കാമായിരുന്നു. എന്തിനാണ് നിയമം കൈയിലെടുക്കുന്നതെന്ന് ചോദിച്ചെങ്കിലും കൗശിക്ക് അതിനോട് പ്രതികരിച്ചില്ലെന്ന് സിയാനന്ദ് മിശ്ര പറഞ്ഞു.

‘കാറിന്റെ വിൻഡോയിൽ സൺഫിലിം ഒട്ടിച്ചിരുന്നു. അതിലുടെ ആര്യൻ തന്നെ നോക്കി കൈകൂപ്പുന്നത് ഞാൻ കണ്ടു’ ആര്യന്റെ നെഞ്ചിലേക്ക് വെടിവെച്ച ​അനിൽ കൗശിക് പറഞ്ഞുവെന്ന് സിയാനന്ദ് മിശ്ര ഓർത്തു. കൗശികുമായി മൂന്ന് മിനിറ്റാണ് സിയാനന്ദ് മിശ്ര സംസാരിച്ചത്.

ആഗസ്റ്റ് 27 ന് ആര്യ​ന്റെ സംസ്കാരചടങ്ങുകളുമായി ബന്ധപ്പെട്ട് കുടുംബം ​പ്രയാഗ് രാജിലായിരിക്കുമ്പോഴാണാണ് സിയാനന്ദ് മിശ്രക്ക് പൊലീസിൽ നിന്ന് ഫോൺകോൾ വരുന്നത്. കൊലപാതകത്തിൽ ഗോരക്ഷാഗുണ്ടകൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചപ്പോൾ അത് വിശ്വസിക്കാൻ ആദ്യം മിശ്ര തയ്യാറായില്ലെന്ന് മാത്രമല്ല, ആ വിവരം പുറത്തുവിടരുതെന്ന് പൊലീസിനോട് അപേക്ഷിക്കുകയും ചെയ്തു.

അറസ്റ്റിലായ പ്രതിക​ളെ കാണാൻ ​പൊലീസിനോട് അവസരമൊരുക്കണമെന്നും അവരോട് സംസാരിക്കണമെന്നുംഅദ്ദേഹം പറഞ്ഞു. തുടർന്നാണ് കുറ്റവാളികളുമായി കൂടിക്കാഴ്ച നടത്താൻ പൊലീസ് മിശ്രക്ക് സൗകര്യമൊരുക്കിയത്.

‘സൺഗ്ലാസ് ഒട്ടിച്ച കാർ കണ്ടതിനാലാണ് ശ്രദ്ധിച്ചത്. സാധാരണ സൺഫിലിം ഒട്ടിച്ച കാറുകൾ ഉപയോഗിക്കുന്നത് പശുക്കളെ പൽവാലിലേക്കോ നുഹിലേക്കോ കടത്തുന്നവരാണ്. കാറിന്റെ ഉള്ളിലുള്ളവരുടെ മുഖം വ്യക്തമായി കാണാൻ പറ്റി​യില്ലെന്നും ​വെടിവെക്കുകയായിരുന്നുവെന്നും കൗശിക് പറഞ്ഞതായി മിശ്ര പറഞ്ഞു.

ഗോരക്ഷാഗുണ്ടകൾക്ക് ഞങ്ങൾ സ്വാതന്ത്ര്യം നൽകിയതുകൊണ്ടാണ് ആളുകളെ വെടിവെച്ചു കൊല്ലാൻ അവർക്ക് അനധികൃതമായി തോക്കുകൾ സൂക്ഷിക്കാൻ കഴിയുന്നതെന്ന് മിശ്ര പറഞ്ഞു. തന്റെ മകൻ ഒരു പശുക്കടത്തുകാരനായി ​ചിത്രീകരിക്കപ്പെടുമോ എന്ന ആശങ്കയും മിശ്രക്കുണ്ട്. എന്റെ മകൻ പശുക്കടത്തുകാരനല്ല. അവൻ തികഞ്ഞ ഹിന്ദുവായിരുന്നു​വെന്നും മിശ്ര പറഞ്ഞു.

അവൻ തികഞ്ഞ വിശ്വാസിയായിരുന്നുവെന്നാണ് അമ്മയുടെ പ്രതികരണം. ആര്യന്റെ മരണത്തിൽ നീതിതേടി പ്രദേശത്ത് കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു. പ്രദേശത്ത് ഫ്ലക്സുകളും പതിച്ചിട്ടുണ്ട്. ഗോരക്ഷയുടെ പേരിലുള്ള ഈ നിയമലംഘനം അവസാനിപ്പിക്കണമെന്നും ഞാനത് അംഗീകരിക്കുന്നി​ല്ലെന്നും മിശ്ര പറഞ്ഞു.

അതേസമയം പശുക്കടത്താരോപിച്ച് നടത്തിയ ആക്രമണത്തിൽ ബ്രാഹ്മണൻ കൊല്ലപ്പെട്ടത് ബജ്‌റംഗ്ദൾ വൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് പൽവാലിലെയും ഫരീദാബാദിലെയും ഗോരക്ഷാപ്രവർത്തനങ്ങൾക്കും ഗുണ്ടകൾക്കും നേതൃത്വം നൽകുന്നവരിലൊരാൾ പറഞ്ഞത്.

എല്ലാ 'ഗോ രക്ഷാപ്രവർത്തകരോടും' നിയമം കൈയിലെടുക്കരുതെന്നും സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഈ സംഭവം ഞങ്ങൾക്ക് കളങ്കമാണ്. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം. ഞങ്ങൾ ഞങ്ങളുടെ സഹോദരനെ കൊന്നുവെന്നത് സങ്കടകരമായ കാര്യമാണ്’​ ഗോരക്ഷാഗുണ്ടയും ബജ്‌റംഗ്ദൾ അംഗവുമായ ശൈലേന്ദ്ര ഹിന്ദു പറഞ്ഞു.

ഹരിയാനയിലെ പൽവാൽ ജില്ലയിലെ എൻ.എച്ച്-19ൽ ഗഡ്പുരി ടോൾ പ്ലാസയ്ക്ക് സമീപം 25 കിലോമീറ്ററോളം കൗശിക്കും സംഘവും പിന്തുടർന്നാണ് ആര്യനെ വെടിവെച്ചുകൊല്ലുന്നത്. ആര്യനെ കൂടാതെ സുഹൃത്ത് ഹർഷിത് ഗുലാത്തി (23), സഹോദരൻ ഷാങ്കി (26), ഇവരുടെ അമ്മ സുജാത (45), സുഹൃത്ത് കീർത്തി (49) എന്നിവരാണ് കാറിലുണ്ടായിരുന്നത്. പശുക്കളെ കടത്താൻ എസ്‌യുവി വാഹനങ്ങൾ ഉപയോഗിക്കുന്നതായി ഗോരക്ഷാഗുണ്ടാ സംഘങ്ങളിലൊന്നായ കൗശികിന്റെ സംഘത്തിന് സൂചന ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആര്യൻ ഉൾപ്പെടെയുള്ളവർ ഡസ്റ്റർ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്.

അതേസമയം, ആര്യ​നൊപ്പമുണ്ടായിരുന്നവരെ കുറ്റവാളികളാക്കാനുള്ള പ്രചരണമാണ് ഗോരക്ഷാഗുണ്ടകളുടെ നേതൃത്വത്തിൽ നടക്കുന്നത്. കൊലപാതകത്തിൽ കൗശിക്കിനെ അറസ്റ്റ് ചെയ്തതിൽ പ്രദേശവാസികൾക്ക് വലിയ നിരാശയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘ദൈവത്തിന് വേണ്ടി പശുക്കളെ രക്ഷിലാണ് കൗശിക്ക് ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാം. അവൻ എന്തിനാണ് ഒരു നിരപരാധിയെ കൊല്ലുന്നതെന്നായിരുന്നു’ ഫരീദാബാദിലെ ഒരു കടയുടമ ചോദിച്ചത്. ഇത്തരത്തിലുള്ള പ്രചാരണങ്ങളും ഗൂഡാലോചന സിദ്ധാന്തങ്ങളുമായി നിരവധി പേരാണ് ആ കടയിൽ ഒത്തു​ചേർന്നതെന്ന് ദ പ്രിന്റ് റിപ്പോർട്ട് പറയുന്നു.

കൊലപാതകത്തിൽ അനിൽ കൗശിക്, വരുൺ കുമാർ, കൃഷൻ കുമാർ, ആദേശ് സിംഗ്, സൗരവ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വെടിവെപ്പിന്ന് ശേഷം കാറിൽ സ്ത്രീകളെ കണ്ടതോടെ ആളുമാറിയെന്ന് തിരിച്ചറിഞ്ഞ അക്രമികൾ ഓടിരക്ഷപ്പെട്ടു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കനാലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ അനിലിന്റെ വീട്ടിൽ നിന്ന് തോക്ക് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News