ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ രാജിവെച്ചു; രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയാകും
കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് സൂചന
അടിമുടി മാറ്റങ്ങളും അപ്രതീക്ഷിത രാജികളുമായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചു. തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വാറും രാജിവച്ചു. മലയാളി വ്യവസായിയും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ അംഗവുമായ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിസഭയിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ നിന്നുള്ള വി. മുരളീധരന് മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി പ്രമോഷൻ കിട്ടിയേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അദ്ദേഹത്തിന് ടൂറിസം വകുപ്പിന്റെയ സ്വതന്ത്ര ചുമതല നൽകും എന്നാണ് സൂചന.
കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് സൂചന. ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രാജിവെച്ചിട്ടുണ്ട്. കോവിഡ് രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യ തരംഗത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. രാജിവെക്കാനുള്ള കാരണങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന് സന്തോഷ് ഗാങ്‌വാർ പറഞ്ഞു. ഇവർക്കു പുറമേ വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാൽ, സദാനന്ദ ഗൗഡ, ദേബശ്രീ ചൗധരി, സഞ്ജയ് ധോത്രേ, രത്തൻ ലാൽ കഠാരിയ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും രാജിവച്ചു. മന്ത്രിസഭയില്‍നിന്ന് സ്മൃതി ഇറാനിയേയും മാറ്റിയേക്കും. സ്മൃതിക്ക് യുപിയുടെ ചുമതല നല്‍കിയേക്കും. മറ്റു ചില മന്ത്രിമാരും സ്ഥാനമൊഴിഞ്ഞു പാർട്ടി ചുമതലകളേൽക്കും. പട്ടികവിഭാഗങ്ങൾക്കും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും വനിതകൾക്കും മന്ത്രിസഭാ വികസനത്തിൽ മുൻഗണന. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭ പുനസംഘടന പ്രഖ്യാപനം വരുന്നത്.
യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടും വമ്പന്‍മാറ്റങ്ങള്‍ വരുത്തിയുമാണ് പുനഃസംഘടന. ഇന്ന് വൈകിട്ട് ആറുമണിക്ക് പുതിയമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.