കനത്ത മഴ, മണ്ണിടിച്ചില്‍; സിക്കിമില്‍ 6 മരണം, 2000 ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്നു
സിക്കിമിനോട് ചേർന്നുള്ള നേപ്പാളിലെ തപ്ലെജംഗ് ജില്ലയിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു വീട് തന്നെ ഒലിച്ചുപോയി
ഗുവാഹത്തി: സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആറ് പേര്‍ മരിച്ചു. 2,000 ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു.
സിക്കിമിനോട് ചേർന്നുള്ള നേപ്പാളിലെ തപ്ലെജംഗ് ജില്ലയിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു വീട് തന്നെ ഒലിച്ചുപോയി. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാലു പേര്‍ മരിച്ചു. ഗാങ്‌ടോക്കിൽ നിന്ന് 100 കിലോമീറ്റർ അകലെ വടക്കായി സ്ഥിതി ചെയ്യുന്ന മംഗാൻ ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതായി പ്രാദേശിക സർക്കാർ അറിയിച്ചു."36 മണിക്കൂറായി തുടർച്ചയായി മഴ പെയ്യുന്നു. വടക്കൻ സിക്കിമിലേക്കുള്ള റോഡ് ഒന്നിലധികം സ്ഥലങ്ങളിൽ തകർന്നിട്ടുണ്ട്, ജില്ലയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു," മംഗാൻ ജില്ലാ മജിസ്‌ട്രേറ്റ് ഹേം കുമാർ ചെത്രി പറഞ്ഞു. ''കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെല്ലാം സുരക്ഷിതരാണ്, എന്നാല്‍ നാശനഷ്ടങ്ങള്‍ കാരണം ഞങ്ങൾക്ക് അവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, ഇവരിൽ 11 പേർ വിദേശ പൗരന്മാരാണെന്നും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ സംസ്ഥാനമാണ് സിക്കിം. നിരന്തരമുണ്ടാകുന്ന പ്രകൃതിക്ഷോഭമാണ് സിക്കിം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ വർഷം സിക്കിമിൽ ഹിമാലയൻ ഗ്ലേഷ്യൽ തടാകം കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ 179 പേർ മരിച്ചിരുന്നു. റോഡ് നന്നാക്കാൻ ജീവനക്കാരെയും യന്ത്രസാമഗ്രികളും വിന്യസിച്ചിട്ടുണ്ടെന്നും കേടുപാടുകൾ വളരെ വലുതാണെന്നും സമയമെടുക്കുമെന്നും ചേത്രി പറഞ്ഞു.മഴക്കെടുതിയിൽ 50 ഓളം വീടുകൾ ഭാഗികമായോ പൂർണമാ യോ തകര്‍ന്നിട്ടുണ്ട്. ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.