മോദിയുടെ ടോയ്‌ലറ്റ് നിർമാണം, അമൃത്പാൽ സിംഗിന്റെ അറസ്റ്റ്.. ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ ഇതാ

രൂപ്‌നഗർ ജില്ലയിൽ വരീന്ദർ സിങ് എന്നതാളെ തട്ടിക്കൊണ്ടുപോയി മർദിച്ചു എന്ന കേസിലാണ് നിലവിൽ അമൃത്പാൽ സിങ്ങിന്റെ അറസ്റ്റ്

Update: 2023-03-18 17:20 GMT
Editor : banuisahak | By : Web Desk
Advertising

ഇന്ത്യ ടുഡേ കോൺക്ലേവിൽ മോദി #NamoAtConclave

ഡൽഹിയിൽ നടന്ന ഇന്ത്യ ടുഡേ കോൺക്ലേവിൽ ശ്രദ്ധാകേന്ദ്രമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോകത്ത് ഇന്ത്യയുടെ പുതിയ ശബ്ദത്തെക്കുറിച്ച് സംസാരിച്ച ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തത്‌. രാജ്യത്തിന് പുതിയ ഗുണങ്ങൾ കിട്ടാനായി ഞങ്ങൾ വേഗത വർധിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 11 കോടിയിലധികം ടോയ്‌ലറ്റുകളാണ് അതിവേഗത്തിൽ രാജ്യത്ത് നിർമിച്ചതെന്നും മോദി പറഞ്ഞു. 48 കോടി ആളുകളെ കേന്ദ്രസർക്കാർ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അമൃത്പാൽ സിംഗിന്റെ അറസ്റ്റ് #AmritpalSingh

ഖലിസ്ഥാൻ നേതാവും 'വാരിസ് പഞ്ചാബ് ദേ'യുടെ തലവനുമായ അമൃത് പാൽ സിങ് അറസ്റ്റിൽ. അമൃത് പാലിന്റെ അനുയായികളെയും പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. രൂപ്‌നഗർ ജില്ലയിൽ വരീന്ദർ സിങ് എന്നതാളെ തട്ടിക്കൊണ്ടുപോയി മർദിച്ചു എന്ന കേസിലാണ് നിലവിൽ അമൃത്പാൽ സിങ്ങിന്റെ അറസ്റ്റ്. എന്നാൽ പഞ്ചാബ് പൊലീസിനെ കുറേ നാളുകളായി വലയ്ക്കുന്ന, നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ഈ വർഷം ഫെബ്രുവരിയിൽ അമൃത്പാലിന്റെ അനുയായിയായ ലോക്പ്രീത് തൂഫാനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ അജ്‌നാല പൊലീസ് സ്റ്റേഷനിലേക്ക് ഇയാളുടെ മറ്റ് അനുയായികൾ കൂട്ടമായെത്തുകയും സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തു.

രണ്ടാം കിരീടം ലക്ഷ്യമിട്ട് ബെംഗളൂരു #BengaluruFC

മോഹൻ ബഗാനുമായി ഒന്നിച്ച ശേഷം കന്നിക്കിരീടം ലക്ഷ്യമിട്ട് അത്‌ലെറ്റിക്കോ കൊൽക്കത്ത(എ.ടി.കെ). രണ്ടാം കിരീടം സ്വപ്‌നം കണ്ട് ബെംഗളൂരു എഫ്.സി. ഐ.എസ്.എല്ലിന്റെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. തീപ്പാറും കലാശപ്പോരാട്ടത്തിന് ഇന്ന് വൈകീട്ട് ഏഴരയ്ക്ക് ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയത്തിൽ കിക്കോഫ്. 2020 ജനുവരിയിലാണ് മോഹൻബഗാനുമായി എ.ടി.കെ ലയിക്കുന്നത്. ഇതിനുമുൻപ് മൂന്നുതവണ ഐ.എസ്.എൽ ജേതാക്കളായിരുന്നു എ.ടി.കെ. അതേസമയം, 2018-19 സീസണിലെ ചാംപ്യന്മാരായിരുന്നു ബെംഗളൂരു എഫ്.സി. സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും എ.ടി.കെ ബെംഗളൂരുവിനെ തോൽപിച്ചിരുന്നു. ഇതിനുമുൻപ് ആറുതവണ ഇരുടീമും നേർക്കുനേർ വന്നപ്പോഴും ഒരൊറ്റ മത്സരം മാത്രമാണ് ബെംഗളൂരുവിന് ജയിക്കാനായത്. അതിനാൽ, ഫൈനലിൽ മാനസികമായ മേധാവിത്വം എ.ടി.കെയ്ക്കായിരിക്കും.

എൻടിആർ 30, ആകാംക്ഷയോടെ പ്രേക്ഷകർ #ntr30

തെന്നിന്ത്യൻ സൂപ്പർ താരം ജൂനിയർ എൻ.ടി.ആർ - കൊരട്ടാല ശിവ ടീം ജനതാ ഗാരേജിന് ശേഷം വീണ്ടും ഒന്നിക്കുന്നഎൻ.ടി.ആർ 30 2024 ഏപ്രിൽ 5-ന് റിലീസ് ചെയ്യും. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാർച്ച് 23നാണ് ആരംഭിക്കുക. നേരത്തെ ഫെബ്രുവരിയിൽ ഷൂട്ടിങ് ആരംഭിക്കാനിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നീട്ടിവെക്കുകയായിരുന്നു. ജൂനിയർ എൻ.ടി.ആറിന്റെ 30 -ാമത് സിനിമയായി ഒരുങ്ങുന്ന ചിത്രം എൻ.ടി.ആർ 30 എന്ന പേരിലാണ് അറിയപ്പെടുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമയെ അവതരിപ്പിക്കുന്നത് നന്ദമൂരി കല്ല്യാൺരാം ആണ്. യുവസുധ ആർട്സ് മിക്കിലിനെനി സുധാകറും എൻ.ടി.ആർ ആർട്സിന്റെ ബാനറിൽ കൊസരജു ഹരികൃഷ്ണയുമാണ് ചിത്രം നിർമ്മിക്കുന്നത്.

അടിക്ക് തിരിച്ചടി #SunilChhetri

 ഐ.എസ്.എൽ കലാശപ്പോരിന്റെ ആദ്യ പകുതി സമനിലയിൽ. ബംഗലൂരുവും എ.ടി.കെ മോഹൻ ബഗാനും ഓരോ ഗോളുകള്‍ വീതമടിച്ചു. പെനാൽട്ടിയിലൂടെയാണ് ഇരു ടീമുകളും ഫലം കണ്ടത്.14ാം മിനിറ്റിൽ കിട്ടിയ പെനാൽട്ടി വലയിലെത്തിച്ച് എ.ടി.കെ യാണ് ആദ്യം മുന്നിലെത്തിയത്. ദിമിത്രി പെട്രാടോസാണ് എ.ടി.കെ ക്കായി സ്‌കോർ ചെയ്തത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ കിട്ടിയ പെനാൽട്ടി വലയിലെത്തിച്ച് സുനില്‍ ഛേത്രി ബംഗലൂരുവിനെ ഒപ്പത്തിനൊപ്പമെത്തിച്ചു.

മത്സരം ആരംഭിച്ച് നാല് മിനിറ്റ് പിന്നിടും മുമ്പേ ബംഗലൂരു താരം ശിവശക്തി നാരായണൻ പരിക്കേറ്റതിനെ തുടർന്നു കളം വിട്ടു. ഇതിനെ തുടർന്ന് സുനിൽ ഛേത്രിയെ കോച്ച് കളത്തിലിറക്കി. മത്സരത്തിന്റെ 14ാം മിനിറ്റിലാണ് എ.ടി.കെ യുടെ നിർണായക ഗോൾ പിറന്നത്. കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിനായി ഉയർന്ന് പൊങ്ങുന്നതിനിടെ ബംഗലൂരു താരം റോയ് കൃഷ്ണയുടെ കയ്യിൽ പന്ത് കൊണ്ടതിനെ തുടർന്ന് റഫറി പെനാൽട്ടി വിധിക്കുകയായിരുന്നു. ആദ്യ ഗോള്‍ വീണതിന് പിറകെ ഇരുടീമുകളും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും ഗോളാക്കാനായില്ല. ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൽ മാത്രം ബാക്കി നിൽക്കേ റോയ് കൃഷ്ണയെ പെനാൽട്ടി ബോക്‌സിൽ വീഴ്ത്തിയതിന് റഫറി പെനാൽട്ടി വിധിച്ചു. ഛേത്രി പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News