ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയതിനെതിരെ സമർപ്പിച്ച അപ്പീലിൽ വിധി ഇന്ന്
ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വരാണസി ജില്ലാ കോടതി അനുമതി നൽകിയത്.
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീലിൽ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. മസ്ജിദ് കമ്മിറ്റി ഫെബ്രുവരി 15ന് നൽകിയ രണ്ട് ഹരജികളിലാണ് ഇന്ന് വിധി പറയുന്നത്.
ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. ഫെബ്രുവരി ഒന്നിന് തന്നെ പള്ളിയുടെ തെക്കുഭാഗത്ത് പൂജ ആരംഭിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി രണ്ടിന് മസ്ജിദ് കമ്മറ്റി പൂജ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട് സുപ്രിംകോടതി ഹരജി തള്ളുകയായിരുന്നു.
2021 ആഗസ്റ്റിലാണ് പള്ളി സമുച്ചയത്തിൽ ആരാധന നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകൾ കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സർവേ നടത്താൻ ജില്ലാ കോടതി അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ സുപ്രിംകോടതി തള്ളി. തുടർന്ന സർവേ നടത്തുകയും ഡിസംബർ 18ന് സീൽ ചെയ്ത കവറിൽ കോടതിക്ക് എ.എസ്.ഐ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൂജക്ക് അനുമതി നൽകി കോടതി ഉത്തരവിട്ടത്.