ഹിമാചൽ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തൊഴിലില്ലായ്മ പ്രചാരണായുധമാക്കി പ്രതിപക്ഷം
ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച പരിവർത്തൻ സങ്കൽപ് യാത്രയിൽ പത്ത് ലക്ഷം തൊഴിലാണ് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തത്
ഷിംല: ഹിമാചൽ പ്രദേശിലും ഗുജറാത്തിലും നിയമസഭാ തെരെഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ പ്രധാന വിഷയമായി ഉയർത്തി പ്രതിപക്ഷം. എന്നാൽ നരേന്ദ്ര മോദിയുടെ തൊഴിൽ മേള കൊണ്ട് ഈ പ്രചാരണത്തെ പ്രതിരോധിക്കാനാണ് ബിജെപിയുടെ പദ്ധതി. കരാർ ജീവനക്കാർക്ക് സ്ഥിര ജോലി നൽകി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എല്ലാ പാർട്ടികളെയും അമ്പരപ്പിച്ചു.
നരേന്ദ്രമോദിയുടെ എട്ടു വർഷവും ഹിമാചൽ പ്രദേശ് ,ഗുജറാത്ത് ബി.ജെ.പി സർക്കാരുകളുടെ ഭരണവും തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർത്തിയെന്ന പ്രചാരണമാണ് പ്രതിപക്ഷം സംഘടിതമായി നടത്തുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച പരിവർത്തൻ സങ്കൽപ് യാത്രയിൽ പത്ത് ലക്ഷം തൊഴിലാണ് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തത്. ഇതേ വാഗ്ദാനം പ്രിയങ്ക ഗാന്ധി ഹിമാചൽ പ്രദേശിലും നൽകി. മോദിയുടെ ജന്മനാടായ ഭാവ് നഗറിൽ ചെറുപ്പക്കാരുടെ യോഗത്തിൽ സംസാരിച്ചപ്പോൾ പത്തു ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും, ജോലി കിട്ടുന്നത് വരെ തൊഴിലില്ലായ്മ വേതനം നൽകുമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാൾ പ്രഖ്യാപിച്ചു.
പ്രചാരണം ശക്തമാക്കിയതോടെ,75 ,000 പേർക്ക് ഒറ്റയടിക്ക് കേന്ദ്രസർക്കാർ ജോലി നൽകിയത് ഉയർത്തികട്ടനാണ് ബിജെപിയുടെ ശ്രമം. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ അനുസരിച്ചു നഗരങ്ങളിലെ കണക്ക് എടുക്കുമ്പോൾ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയർന്നു നിൽക്കുന്നത് ഹിമാചൽ പ്രദേശിലാണ്. ദീപാവലി സമ്മാനമായി ഒരു ലക്ഷത്തി പതിനായിരം താൽക്കാലിക ജീവനക്കാരെയാണ് ഗെലോട്ട് സർക്കാർ സ്ഥിരപ്പെടുത്തുന്നത്. ഒഡീഷയിൽ നവീൻ പട്നായിക് സർക്കാർ 57000 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിനു പിന്നാലെയാണ് രാജസ്ഥാനിലും നടപടി. ഒഡീഷയും ,ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനും സ്ഥിരജോലി വാഗ്ദാനം പാലിച്ചതോടെ ബിജെപി സർക്കാരുകൾ കടുത്ത സമ്മർദ്ദത്തിലാണ്