അസമിൽ എല്ലാ മദ്രസകളും അടച്ചു പൂട്ടും: ഹിമന്ത ബിശ്വ ശർമ
മദ്രസകളല്ല, സ്‌കൂളും കോളജുമാണ് സംസ്ഥാനത്ത് വേണ്ടതെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചു പൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇതുവരെ അസമിൽ 600 മദ്രസകൾ അടച്ചു പൂട്ടിയെന്നും സംസ്ഥാനത്ത് മദ്രസകളല്ല, സ്‌കൂളും കോളജുമാണ് വേണ്ടതെന്നും ഹിമന്ത പറഞ്ഞു.
കർണാടകയിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള റാലിയിൽ സംസാരിക്കവേയാണ് ഹിമാന്ത പ്രസ്താവന നടത്തിയത്. "ബംഗ്ലദേശിൽ നിന്ന് അസമിലേക്ക് കുടിയേറിയവർ നമ്മുടെ സംസ്‌കാരത്തിന് തന്നെ ഭീഷണിയാണ്. ഈ ആളുകളാണ് അസമിൽ മദ്രസകൾ നിർമിക്കുന്നത്. ഇതിനെതിരെ കർശന നടപടികളുണ്ടാകും. മദ്രസ നടത്തുന്ന ആളുകൾക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ട്. ചില ആളുകളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റും ചെയ്തു".
"മദ്രസകളിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന് തടയിടുക എന്ന ഉദ്ദേശത്തിലാണ് മദ്രസകൾ അടച്ചു പൂട്ടുന്നത്.ഇതുവരെ 600 മദ്രസകൾ അസമിൽ പൂട്ടിച്ചിട്ടുണ്ട്. അതിനിയും തുടരാനാണ് തീരുമാനം. മദ്രസകളല്ല, സ്‌കൂളുകളും കോളജുകളുമാണ് സംസ്ഥാനത്ത് വേണ്ടത്". ഹിമന്ത പറഞ്ഞു.
അസമിൽ മദ്രസകൾക്കെതിരെയുള്ള നടപടികൾ വ്യാപകമായ സാഹചര്യത്തിലാണ് ഹിമന്തയുടെ വിവാദ പ്രസ്താവന. മദ്രസകളിൽ പലതും ബുൾഡോസർ ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ ഇടിച്ചു നിരത്തിയത