വിഗ്രഹം തകർത്ത സംഭവത്തിൽ ആദ്യം അറസ്റ്റ് ചെയ്തത് അഞ്ച് മുസ്‌ലിംകളെ; യഥാർത്ഥ പ്രതിയായ ഹിന്ദു യുവാവ് പിന്നീട് പിടിയിൽ
ഒരുപാട് തവണ പ്രാർത്ഥിച്ചിട്ടും വിവാഹം നടക്കാത്തതിൽ ക്ഷുഭിതനായാണ് കൃത്യം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു
മധ്യപ്രദേശിൽ വിഗ്രഹം തകർത്ത സംഭവത്തിൽ യഥാർത്ഥ പ്രതിയായ ഹിന്ദു യുവാവ് പിടിയിൽ. ഗുണ ജില്ലയിലെ ശിവക്ഷേത്രത്തിലെ വിഗ്രഹം തകർത്ത സംഭവത്തിലാണ് പ്രതി ബമൗരി സ്വദേശി ഗ്യാർസ പിടിയിലായത്. സംഭവത്തിൽ നേരത്തെ ഏഴ് മുസ്‌ലിംകൾക്കെതിരെ കേസെടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ക്ഷേത്രത്തിനും അതിനുള്ളിലെ വിഗ്രഹങ്ങൾക്കും കേടുപാടുകൾ വരുത്തിയതായി സമ്മതിച്ച പ്രധാന പ്രതിയായ ഗ്യാർസയെ ഫെബ്രുവരി പത്തിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുപാട് തവണ പ്രാർത്ഥിച്ചിട്ടും വിവാഹം നടക്കാത്തതിൽ ക്ഷുഭിതനായാണ് കൃത്യം ചെയ്തതെന്ന് ഗ്യാർസ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. ക്ഷുഭിതനായ ഇയാൾ മദ്യലഹരിയിലെത്തി ക്ഷേത്രം തകർക്കുകയായിരുന്നു.
ഗുണ പൊലീസ് പത്രക്കുറിപ്പിലൂടെ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. 'ജനുവരി 31-ന് രാത്രി, അയാൾ (പ്രതി) അമിതമായി മദ്യം കഴിച്ചിരുന്നു, അതുമൂലം അയാൾക്ക് ദേഷ്യം വന്നു, രാത്രി രണ്ട് മണിയോടെ, അയാൾ ക്ഷേത്രത്തിന് പുറത്ത് കിടന്നിരുന്ന ഒരു കല്ലെടുത്ത് ശിവന്റെയും നന്ദിയുടെയും വിഗ്രഹങ്ങളിൽ എറിഞ്ഞു, അതുമൂലം വിഗ്രഹങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അത് തകർന്നു' കുറിപ്പിൽ പൊലീസ് പറഞ്ഞു.
ജനുവരി 31ന് രാത്രിയിൽ നടന്ന സംഭവത്തിൽ ആദ്യം ഏഴ് മുസ്‌ലിംകളെ പ്രതിയാക്കി കേസെടുത്തിരുന്നു. ഫെബ്രുവരി ഒന്നിന് സൗരഭ് നൽകിയ പരാതിയിൽ അൻവർ ഖാൻ, ബഫാതി, ഷാരൂഖ്, ബിട്ടു, റഈസ്, സീഷാൻ, റെഹാൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇവരിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കി ജയിലിലടക്കുകയും ചെയ്തിരുന്നു. ശിവലിംഗവും നന്ദി വിഗ്രഹവും തകർക്കപ്പെട്ടതോടെ ഹിന്ദു സമൂഹം പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ ആദ്യം അറസ്റ്റിലായ അൻവർ ഖാൻ മാധ്യമപ്രവർത്തകനും റഈസ് ഗ്രോക്കറി ഷോപ്പ് നടത്തിപ്പുകാരനും ബഫാതി ചിക്കൻ ഷോപ്പുകാരനുമാണെന്നണ് ക്വിൻറ് റിപ്പോർട്ട് ചെയ്തത്. സീഷാൻ പ്ലസ് ടു വിദ്യാർഥിയും റെഹാൻ ഡ്രൈവറുമാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.
Hindu youth arrested in Guna, Madhya Pradesh for vandalizing idol.