'ഗെഹ്‌ലോട്ടുമായി താരതമ്യം ചെയ്യാനുള്ള യോഗ്യത പോലും തരൂരിനില്ല'; വിമർശിച്ച് കോൺഗ്രസ് നേതാവ്
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി കിടക്കയിലായിരിക്കെ അവർക്ക് തുടരെ കത്തുകൾ അയച്ചതാണ് കഴിഞ്ഞ എട്ട് വർഷത്തിനിടെ ശശി തരൂർ പാർട്ടിക്ക് നൽകിയ ഏക സംഭാവന
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെക്കാൾ മികച്ച സ്ഥാനാർഥി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്നെയെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ്. ഇരുവരെയും താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്നും ഗൗരവ് പറയുന്നു.
കോൺഗ്രസ് പ്രവർത്തകരുടെ ആദ്യ പരിഗണന ഇപ്പോഴും രാഹുൽ ഗാന്ധി തന്നെയാണ്. എന്നാൽ, 2018-ലെ രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ ബിജെപിയെ ദയനീയമായി പരാജപ്പെടുത്തിയ കേന്ദ്രമന്ത്രിയാണ് ഗെഹ്‌ലോട്ട്. 45 വർഷത്തെ കറകളഞ്ഞ രാഷ്ട്രീയ ജീവിതമാണ് അദ്ദേഹത്തിന്റേത്. അതിനാൽ കോൺഗ്രസിനെ നയിക്കാൻ നിലവിൽ ഏറ്റവും യോഗ്യനായ വ്യക്തി അശോക് ഗെഹ്‌ലോട്ട് തന്നെയാണെന്ന് ഗൗരവ് വല്ലഭ് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി കിടക്കയിലായിരിക്കെ അവർക്ക് തുടരെ കത്തുകൾ അയച്ചതാണ് കഴിഞ്ഞ എട്ട് വർഷത്തിനിടെ ശശി തരൂർ പാർട്ടിക്ക് നൽകിയ ഏക സംഭാവന. തന്നെ പോലെ കോടിക്കണക്കിന് പാർട്ടി പ്രവർത്തകർക്കാണ് തരൂരിന്റെ പ്രവർത്തി വേദനയുണ്ടാക്കിയത്. അതിനാൽ തന്നെ അധ്യക്ഷ തെരഞ്ഞെടുപ്പ് ചിത്രം ഏകദേശം വ്യക്തമാണെന്ന് ഗൗരവ് പറഞ്ഞു.
പാർട്ടിക്കുള്ളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടായിരുന്നു 2020ൽ സോണിയാ ഗാന്ധിക്ക് തരൂർ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ കത്തയച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഗൗരവിന്റെ വിമർശനം. ഡൽഹിയിൽ സോണിയാ ഗാന്ധിയുമായി ഗെഹ്‌ലോട്ട് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ഗൗരവ് വല്ലഭ് രംഗത്തെത്തിയാൽ.
പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നാണ് ഗെഹ്‌ലോട്ട് സോണിയാ ഗാന്ധിയെ അറിയിച്ചത്. 71 കാരനായ ഗെഹ്‌ലോട്ട് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരുങ്ങുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തരൂരും കളമൊഴുക്കി കഴിഞ്ഞു. രണ്ട് പതിറ്റാണ്ടിനിപ്പുറം ആദ്യമായാണ് രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഒക്‌ടോബർ 17നാണ് നിർണായക തെരഞ്ഞെടുപ്പ്.