'പുരുഷന്മാർക്ക് ആർത്തവം ഉണ്ടാകണം, അപ്പോൾ മനസ്സിലാകും'; വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട സംഭവത്തിൽ സുപ്രിംകോടതി

ആറ് വനിതാ ജഡ്ജിമാരെയാണ് പ്രകടനം മോശമെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് സർക്കാർ പിരിച്ചുവിട്ടത്

Update: 2024-12-04 06:03 GMT
Advertising

ന്യൂഡൽഹി: പിരിച്ചുവിട്ട വനിതാ ജഡ്ജിമാരെ തിരിച്ചെടുക്കാത്ത കേസിൽ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം. ജഡ്ജിമാരുടെ ശാരീരികവും മാനസികവുമായ അവസ്ഥ മനസ്സിലാക്കാതെ ജോലിയിൽ അവരുടെ നൈപുണ്യം അളക്കാനാവില്ലെന്നാണ് കോടതി വിലയിരുത്തിയത്. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, എൻ കോട്ടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. 

ആറ് വനിതാ ജഡ്ജിമാരെയാണ് മോശം പ്രകടനമെന്ന് വിലയിരുത്തി മധ്യപ്രദേശ് സർക്കാർ പിരിച്ചുവിട്ടത്. കഴിഞ്ഞ ജനുവരി മുതൽ കോടതിയുടെ പരിഗണനയിലുള്ള കേസാണിത്.. ജഡ്ജിമാരെ പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതിയോട് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിൽ ഇതുവരെയും തീർപ്പാക്കാൻ കോടതിയ്ക്കായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി രൂക്ഷവിമർശനമുന്നയിച്ചത്.

പിരിച്ചുവിട്ട് വീട്ടിൽപ്പോകാൻ പറയാൻ എളുപ്പമാണെന്നും സ്ത്രീകൾ ശാരീരികമായും മാനസികമായും തളർന്നിരിക്കുന്ന സമയം അവർ ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്ന് പറയരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ നടപടി പുനഃപരിശോധിക്കാൻ രണ്ട് തവണ ഹൈക്കോടതിക്ക് സുപ്രിംകോടതി നിർദേശം നൽകിയിരുന്നു.

ജസ്റ്റിസ് നാഗരത്‌നയുടെ വാക്കുകൾ:

"പിരിച്ചു വിടുകയാണെന്ന് പറഞ്ഞ് വീട്ടിലയയ്ക്കാൻ എളുപ്പമാണ്. ഈ കേസിന്റെ കാര്യം തന്നെ നോക്കൂ... നമ്മളിത് എത്രനാളായി പരിഗണിക്കുകയാണ്. നാം ജോലിയിൽ പിറകിലാണെന്ന് പറയാനാകുമോ? ശാരീരികവും മാനസികവുമായൊക്കെ ആളുകൾ ബുദ്ധിമുട്ടുമ്പോൾ അവർ ജോലിയിൽ പിന്നിലാണ് എന്ന് പറഞ്ഞ് പറഞ്ഞ് വിടുകയല്ല വേണ്ടത്, പ്രത്യേകിച്ച് സ്ത്രീകളെ. ഇതേ മാനദണ്ഡം തന്നെ പുരുഷന്മാർക്കും ബാധകമാക്കി നോക്കൂ. എന്താ സംഭവിക്കുന്നതെന്ന് കാണാം".

2013ലാണ് ജൂണിലാണ് പ്രൊബേഷൻ സമയത്തെ പ്രകടനം മോശമെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് സർക്കാർ ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ടത്. ഹൈക്കോടതി ജഡ്ജിമാരുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെയും ഹൈക്കോടതി ജഡ്ജിമാർ ചേർന്ന യോഗത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്ന് സംഭവത്തിൽ സുപ്രിംകോടതി ജനുവരിയിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News