ഭരണഘടന ആക്രമിക്കപ്പെട്ടാൽ തെരുവിലിറങ്ങും; കമൽഹാസൻ
രാജ്യം ഭരിക്കുന്നത് ആരാണ് എന്നത് തനിക്ക് വിഷയമല്ലെന്നും പ്രതിസന്ധി ഉണ്ടായാൽ എല്ലാവരും ഒന്നാണെന്നും കമൽഹാസൻ
ന്യൂഡൽഹി; ഭരണഘടന ആക്രമിക്കപ്പെട്ടാൽ താൻ തെരുവിലിറങ്ങുമെന്ന് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ. രാജ്യം ഭരിക്കുന്നത് ആരാണ് എന്നത് തനിക്ക് വിഷയമല്ലെന്നും പ്രതിസന്ധി ഉണ്ടായാൽ എല്ലാവരും ഒന്നാണെന്നും ഡൽഹിയിൽ ഭാരത് ജോഡോ യാത്രയിൽ പങ്കു ചേർന്ന് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
"രാഹുൽ ഗാന്ധി നെഹ്‌റുവിന്റെ പൗത്രനായും താൻ ഗാന്ധിയുടെ ചെറുമകനായുമാണ് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ചെറുമക്കളാണ് ഞങ്ങൾ രണ്ടുപേരും. രാജ്യം ആര് ഭരിക്കുന്നു എന്നത് എനിക്ക് വിഷയമല്ല. ഭരണഘടന ആക്രമിക്കപ്പെട്ടാൽ താൻ തെരുവിലിറങ്ങിയിരിക്കും. അതിനായാണ് ഇപ്പോൾ ഇവിടെ എത്തിയിരിക്കുന്നത്. ഈ യാത്രയിൽ പങ്കെടുക്കുന്നതിനെ പലരും വിലക്കിയിരുന്നു. എന്നാൽ എന്റെ ഉള്ളിലുണ്ടായിരുന്ന ചിന്ത, ഭാരതം കൈവിട്ട് പോകുന്നതിന് സഹായിക്കുന്നതിലും നല്ലത് രാജ്യത്തെ പടുത്തുയർത്തുന്നതിന് സഹായിക്കുന്നതല്ലേ എന്നതായിരുന്നു".
"എന്നെ സംബന്ധിച്ചിടത്തോളം ഈ യാത്ര തുടങ്ങിയിട്ടേയുള്ളൂ. ഇന്ത്യയുടെ മഹത്തരമായ പാരമ്പര്യത്തെയും രാജ്യത്തിന്റെ ഭാവിയെയും ബന്ധിപ്പിക്കുന്നതിനായി ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. വരും തലമുറകൾക്ക് വേണ്ടിയാണ് ഈ യാത്ര. ഇത്തരമൊരു യാത്രക്ക് നേതൃത്വം നൽകാൻ ധൈര്യം കാണിച്ച രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ". അദ്ദേഹം പറഞ്ഞു