കാർഷിക നിയമം പിൻവലിക്കുന്നതടക്കം സുപ്രധാന നടപടികൾ; പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു നാളെ തുടക്കം
ക്രിപ്‌റ്റോ കറൻസി നിയന്ത്രിക്കാനുള്ള ബിൽ അടക്കം 26 ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക
കാർഷിക നിയമം പിൻവലിക്കുന്നതടക്കം സുപ്രധാന നടപടികൾ നടക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു നാളെ തുടക്കം. ഡിസംബർ 23 വരെയാണ് സമ്മേളനം. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ആദ്യ ദിവസം തന്നെ സഭയിൽ എത്തും. ക്രിപ്‌റ്റോ കറൻസി നിയന്ത്രിക്കാനുള്ള ബിൽ അടക്കം 26 ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക.. അതേസമയം ഇന്ധനവില വർധനവ്, കർഷക സമരം, ലഖിംപൂർ കർഷക കൊലപാതകം ഉൾപ്പെടെ ഉള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സമ്മേളനത്തിനു മുന്നോടിയായി രാജ്യസഭാ അധ്യക്ഷ വെങ്കയ്യ നായിഡു ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
അതിനിടെ, വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബില്ല് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അവതരിപ്പിക്കുന്ന തിങ്കളാഴ്ച പാർലമെന്റിൽ ഹാജരാകാൻ ബിജെപി ലോക്സഭാ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. രാജ്യസഭാ എംപിമാർക്ക് വിപ്പ് നേരത്തേ നൽകിയിരുന്നു. പഞ്ചാബ്. ഉത്തർ പ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വാണിജ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, പാർലമെന്ററി കാര്യ മന്ത്രി പ്രൽഹാദ് ജോഷി, വാർത്താ-വിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ പങ്കെടുത്തു.