തമിഴ്‌നാട് തദ്ദേശതെരഞ്ഞെടുപ്പ്; ഡി.എം.കെ സഖ്യത്തിന് മിന്നും ജയം, ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസമെന്ന് സ്റ്റാലിൻ
എ.ഐ.എ.ഡി.എം.കെയുടെ തട്ടകമായ വടക്കൻ തമിഴ്നാട്ടിലെ 75 ശതമാനം സീറ്റുകളിലും ഡി.എം.കെ വെന്നിക്കൊടി പാറിച്ചു
തമിഴ്‌നാട്ടിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തിന് മിന്നും വിജയം. മുഖ്യ എതിരാളികളായ എ.ഐ.എ.ഡി.എം.കെയുടെ തട്ടകമായ വടക്കൻ തമിഴ്നാട്ടിലെ 75 ശതമാനം സീറ്റുകളിലും ഡി.എം.കെ വെന്നിക്കൊടി പാറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കൻ തമിഴ്‌നാടിന് കീഴിലെ കോയമ്പത്തൂർ പ്രദേശത്തെ പത്തു സീറ്റുകളും എ.ഐ.എ.ഡി.എം.കെ തൂത്തുവാരിയിരുന്നു.
ഇതുവരെ പുറത്തുവന്ന ഫലം പ്രകാരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ 425 വാർഡുകളിൽ ഡി.എം.കെയും 75 വാർഡുകളിൽ എ.ഐ.എ.ഡി.എം.കെയും വിജയിച്ചു. മുൻസിപ്പാലിറ്റിയിൽ 1832 സീറ്റുകൾ ഡി.എം.കെ സ്വന്തമാക്കിയപ്പോൾ എ.ഐ.എ.ഡി.എം.കെ 494 സീറ്റുകളിൽ ഒതുങ്ങി. നഗര പഞ്ചായത്തിൽ 4261 സീറ്റുകളുമായി ഡി.എം.കെ മുന്നിലാണ്. എ.ഐ.എ.ഡി.എം.കെ നേടിയത് 1178 സീറ്റുകൾ മാത്രം.
പത്തു വർഷത്തിന് ശേഷമാണ് തമിഴ്നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒൻപതു മാസത്തെ സ്‌റ്റാലിൻ ഭരണത്തിന് ലഭിച്ച പ്രതിഫലമാണ് ഡി.എം.കെയുടെ വിജയമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഡി.എം.കെ സര്‍ക്കാരില്‍ പൊതുജനത്തിനുള്ള വിശ്വാസമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയമെന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞത്.
അതേസമയം, ജനവിധിക്ക് മുന്നില്‍ തലകുനിക്കുന്നുവെന്നാണ് എ.ഐ.എ.ഡി.എം.കെ നേതാവ് ഒ. പനീര്‍സെല്‍വം പ്രതികരിച്ചത്. ഭരണകക്ഷിയുടെ കൃത്രിമ വിജയമാണിതെന്നും എ.ഐ.എ.ഡി.എം.കെ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതിമയ്യത്തിനും ചലനമുണ്ടാക്കാനായില്ല.