ജാതിക്കൊല; യുപിയില്‍ 15 പേർക്ക് ജീവപര്യന്തം
ഓരോ പ്രതികൾക്കും 73,000 രൂപ വീതം പിഴയും ചുമത്തി
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ജാതിവെറിയുടെ പേരിൽ കുഞ്ഞിനെക്കൊന്നവർക്ക് ജീവപര്യന്തം. 15 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷവിധിച്ചത്. 23 വർഷത്തിന് ശേഷമാണ് കേസിൽ വിധിവരുന്നത്. അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി (എസ്‌സി / എസ്ടി ആക്‌ട്) മനോജ് കുമാർ മിശ്ര ഓരോ പ്രതികൾക്കും 73,000 രൂപ വീതം പിഴയും ചുമത്തി.
2001 ജനുവരി 23-ന് ഹൈവേ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാതിയ ഗ്രാമത്തിലെ പഞ്ചായത്ത് ഭൂമിയിൽ ചില മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ചില ദലിത് സമുദായാംഗങ്ങൾ നിർമാണത്തെ എതിർത്തതാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചതെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് പ്രസാദ് ശർമ വ്യാഴാഴ്ച പറഞ്ഞു.ദളിതരെ മേൽജാതിക്കാർ മർദിക്കുകയും വെടിയുതിർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.അക്രമത്തിൽ ആറുമാസം പ്രായമുള്ള ദലിത് പെൺകുട്ടിയെ കുടിലിൽ ജീവനോടെ ചുട്ടുകൊല്ലുകയും ഒരാളുടെ തുടയിൽ വെടിയുതിർക്കുകയും ചെയ്തു.പരാതിയുടെ അടിസ്ഥാനത്തിൽ 16 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.അന്വേഷണത്തിൽ എട്ട് പ്രതികളുടെ പേരുകൾ കൂടി പുറത്തുവന്നിരുന്നു. ഒമ്പത് പ്രതികൾ വിചാരണയ്ക്കിടെ മരിച്ചപ്പോൾ ബാക്കി 15 പേരെ കോടതി ശിക്ഷിച്ചതായി ശർമ്മ പറഞ്ഞു.