ബൈജൂസിന്റെ ഓഫീസുകളിൽ പരിശോധന നടത്തി ഇഡി; ബൈജു രവീന്ദ്രന്റെ വീട്ടിലും തിരച്ചിൽ
സ്വകാര്യ വ്യക്തികളിൽ നിന്ന് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ബൈജു രവീന്ദ്രന് നിരവധി സമൻസുകൾ അയച്ചെങ്കിലും അദ്ദേഹമത് അവഗണിക്കുകയാണ് ചെയ്തത്
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള വിദ്യാഭ്യാസ ടെക്‌നോളജി സ്ഥാപനമായ ബൈജൂസിന്റെ ഓഫീസുകളിലും സിഇഒ ബൈജു രവീന്ദ്രന്റെ വസതിയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചായിരുന്നു പരിശോധന. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കമ്പനിയായ 'തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡി'നും എതിരായ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്ന് ഇഡി അധികൃതർ വ്യക്തമാക്കി.
പരിശോധനയിൽ നിരവധി രേഖകളും വിവരങ്ങളും പിടിച്ചെടുത്തതായി ഇഡി പറയുന്നു. എന്നാൽ, ഫെമയ്ക്ക് കീഴിലുള്ള സ്വാഭാവിക അന്വേഷണം മാത്രമാണിതെന്നാണ് ബൈജൂസിന്റെ പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും അവർക്ക് വേണ്ട വിവരങ്ങൾ നൽകിയെന്നും കമ്പനി വ്യക്തമാക്കി. ഞങ്ങളുടെ പ്രവർത്തനങ്ങളിൽ അങ്ങേയറ്റം വിശ്വാസമുണ്ട്. ധാർമ്മികതയുടെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പ്രതികരിച്ചു.
ഫെമയുടെ വ്യവസ്ഥകൾ പ്രകാരമായിരുന്നു റെയ്ഡ്. 2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ (ഏകദേശം) നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് ഏകദേശം 9,754 കോടി രൂപ കമ്പനി അയച്ചിട്ടുണ്ടെന്നും ഇഡി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
സ്വകാര്യ വ്യക്തികളിൽ നിന്ന് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ബൈജു രവീന്ദ്രന് നിരവധി സമൻസുകൾ അയച്ചെങ്കിലും അദ്ദേഹമത് അവഗണിക്കുകയാണ് ചെയ്തത്. ഒരിക്കൽ പോലും ഇഡിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 2020-21 സാമ്പത്തിക വർഷം മുതൽ കമ്പനി അതിന്റെ സാമ്പത്തിക പ്രസ്താവനകൾ തയ്യാറാക്കിയിട്ടില്ല. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്തിട്ടുമില്ല.
വിദേശത്തേക്ക് അയച്ച തുക ഉൾപ്പടെ പരസ്യം, മാർക്കറ്റിംഗ് ചെലവുകൾ എന്ന പേരിൽ ഏകദേശം 944 കോടി രൂപ കമ്പനി ബുക്ക് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. അതിനാൽ തന്നെ കമ്പനി നൽകിയ കണക്കുകളുടെ യാഥാർഥ്യം ബാങ്കുകൾ വഴി അന്വേഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.