രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഘഡിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം; അവിശ്വാസ പ്രമേയവുമായി മുന്നോട്ടുപോകും
ഉപരാഷ്ട്രപതിക്കെതിരെ ആദ്യമായിട്ടാണ് പ്രതിപക്ഷം പുറത്താക്കൽ നടപടിക്ക് മുതിരുന്നത്
ഡല്‍ഹി: രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഘഡിനെതിരെ ഒറ്റക്കെട്ടായി ഇൻഡ്യാ സഖ്യം . അംഗങ്ങളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകാൻ സഖ്യം തീരുമാനിച്ചു. ഉപരാഷ്ട്രപതിക്കെതിരെ ആദ്യമായിട്ടാണ് പ്രതിപക്ഷം പുറത്താക്കൽ നടപടിക്ക് മുതിരുന്നത് .
ജഗദീപ് ധൻഘഡിനെ രാജ്യസഭയുടെ അധ്യക്ഷ സ്‌ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ഒപ്പ് ശേഖരിച്ചാണ് എം.പിമാർ ഇന്നലെ പിരിഞ്ഞത്. പുറത്താക്കൽ പ്രമേയത്തിന് ഒരു എം.പിയുടെ കത്ത് മാത്രം മതിയെന്നിരിക്കെ കൂട്ടത്തോടെ ഒപ്പ് വാങ്ങിക്കുകയാണ് ഇൻഡ്യാ സഖ്യം . രാഷ്‌ട്രപതി , ഹൈക്കോടതി -സുപ്രീംകോടതി ജഡ്ജിമാർ ,കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷണർ എന്നിവരെ പുറത്താക്കുന്നതാണ് ഇംപീച്ച്മെന്‍റ് പ്രമേയം.
ഉപരാഷ്ട്രപതിയെ പുറത്താക്കാൻ ഇംപീച്ച്മെന്‍റ് പ്രമേയത്തിന് പകരം അവിശ്വാസ പ്രമേയമാണ് കൊണ്ടുവരിക . പ്രമേയം രാജ്യസഭയിലും ലോക്സഭയിലും പാസാക്കണം. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന സമയത്തെ മാത്രമല്ല മൊത്തം അംഗങ്ങളുടെ ഭൂരിപക്ഷമാണ് വേണ്ടത് . ലോക്സഭയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ പ്രമേയം വിജയിക്കില്ലെന്ന് പ്രതിപക്ഷത്തിന് 100 ശതമാനം ഉറപ്പുണ്ട് . പക്ഷെ പ്രമേയത്തിൽ ചർച്ച നടക്കുമ്പോൾ ആരോപണ വിധേയനായ ഉപരാഷ്ട്രപതി രാജ്യസഭയിൽ അധ്യക്ഷത വഹിക്കാതെ മാറി നിൽക്കണം. ചർച്ചയ്ക്കിടയിൽ , നാളിതു വരെ ജഗദീപ് ധൻഘഡ് നടത്തിയ പ്രവർത്തനങ്ങളിലെ വിമർശനം എണ്ണമിട്ട് നിരത്താൻ പ്രതിപക്ഷത്തിനു കഴിയും. സർക്കാർ അജണ്ടകൾ വിട്ട് , പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയം ചുറ്റിത്തിരിയും എന്നത് ഇൻഡ്യാ സഖ്യത്തിനും നേട്ടമാകും.