വിദ്വേഷ പരാമർശം; ജസ്റ്റിസ് എസ്.കെ.യാദവിനെതിരെ ഇംപീച്ച്മെന്‍റ് നോട്ടീസ്
55 എംപിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചത്
ഡല്‍ഹി: വിദ്വേഷ പരാമർശം നടത്തിയ ജസ്റ്റിസ് എസ്.കെ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് നോട്ടീസ് . ഇൻഡ്യ സഖ്യം എംപിമാരാണ് രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടീസ് നൽകിയത്. 55 എംപിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചത്.
ഡിംസബർ എട്ടിന് സംഘ്പരിവാർ സംഘടനയായ വിഎച്ച്പി ഏക സിവിൽകോഡ് സംബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എസ്.കെ യാദവ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ മുന്നോട്ട് പോവുക എന്നായിരുന്നു ജഡ്ജി പറഞ്ഞത്.
''ഇത് ഹിന്ദുസ്ഥാനാണെന്ന് പറയാൻ എനിക്ക് മടിയില്ല. ഭൂരിപക്ഷത്തിന്റെ ആഗ്രഹ പ്രകാരമായിരിക്കണം ഹിന്ദുസ്ഥാനിൽ കാര്യങ്ങൾ നടക്കേണ്ടത്. ഹൈക്കോടതി ജഡ്ജിയെന്ന നിലയിലല്ല ഇതെല്ലാം പറയുന്നത്. മറിച്ച്, രാജ്യത്തെ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഭൂരിപക്ഷത്തിന് ക്ഷേമവും സന്തോഷവും ഉണ്ടാവുന്ന ഭരണം മാത്രമേ ജനങ്ങൾ സ്വീകരിക്കുകയുള്ളൂ''-ജഡ്ജി പറഞ്ഞു.
സോഷ്യൽ മീഡിയയിലെ സംഘ്പരിവാർ ഗ്രൂപ്പുകളിൽ മുസ്‌ലിംകളെ അധിക്ഷേപിക്കാനും പരിഹസിക്കാനും ഉപയോഗിക്കുന്ന 'കത്മുല്ല' എന്ന പദവും ജഡ്ജി പ്രസംഗത്തിൽ ഉപയോഗിച്ചിരുന്നു. കുട്ടികൾക്ക് ദയയും സഹിഷ്ണുതയുമാണ് പഠിപ്പിക്കേണ്ടത്. എന്നാൽ മൃഗങ്ങളെ അറുക്കുന്നത് കണ്ടുവളരുന്ന മക്കൾക്ക് എങ്ങനെയാണ് ദയയും സഹിഷ്ണുതയും ഉണ്ടാവുക എന്നും ജസ്റ്റിസ് ചോദിച്ചിരുന്നു.
ജഡ്ജിയുടെ പ്രസംഗം വിവാദമായതോടെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നു. ദി ക്യാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) ജസ്റ്റിസ് യാദവിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകുകയും ചെയ്തിരുന്നു.
ജസ്റ്റിസ് ശേഖർ കുമാറിന്‍റെ പ്രസംഗം ജുഡീഷ്യറിയുടെ നിഷ്പക്ഷതയിലും സ്വാതന്ത്ര്യത്തിലും സാധാരണ പൗരൻമാർക്കിടയിൽ സംശയം ജനിപ്പിക്കുന്നതാണ്. പ്രസംഗത്തിന് വലിയ പ്രചാരം ലഭിച്ച സാഹചര്യത്തിൽ അടിയന്തരമായ നടപടി അനിവാര്യമാണെന്നും പരാതിയിൽ പറയുന്നു. ജസ്റ്റിസ് എസ്.കെ യാദവിനെ ഇംപീച്ച് ചെയ്യുന്നതിനായി പാർലമെന്‍റില്‍ പ്രമേയം കൊണ്ടുവരുമെന്ന് ശ്രീനഗർ എംപി റൂഹുല്ല മെഹ്ദി എക്‌സിൽ കുറിച്ചിരുന്നു.