'കോണ്‍ഗ്രസ് പേര് മോഷണം തുടങ്ങിയത് ഇപ്പോഴല്ല'; ആദ്യം മോഷ്ടിച്ചത് ഗാന്ധിയുടെ പേരെന്ന് കേന്ദ്രമന്ത്രി
പ്രതിപക്ഷ സഖ്യത്തിന് ഇൻഡ്യ എന്ന് പേര് നൽകിയതിനെക്കുറിച്ച് പരാമർശിക്കവെയാണ് കേന്ദ്രമന്ത്രിയുടെ ആരോപണം.
ഹൈദരാബാദ്: കോണ്‍ഗ്രസ് ആദ്യം മോഷ്ടിച്ചത് മഹാത്മാഗാന്ധിയുടെ പേരാണെന്ന് കേന്ദ്ര കൃഷി മന്ത്രി കൈലാഷ് ചൗധരി. പ്രതിപക്ഷ സഖ്യത്തിന് ഇൻഡ്യ എന്ന് പേര് നൽകിയതിനെക്കുറിച്ച് പരാമർശിക്കവെയാണ് കേന്ദ്രമന്ത്രിയുടെ ആരോപണം.
"അവർ സഖ്യത്തിന് ഇൻഡ്യ എന്ന് പേരിട്ടു. പേര് മോഷ്ടിക്കുന്ന പരിപാടി കോൺഗ്രസ് ഇപ്പോൾ തുടങ്ങിയതല്ല. പേര് മോഷണം കോൺഗ്രസ് നടത്തിയിട്ടുണ്ടെങ്കിൽ അവർ ആദ്യം മോഷ്ടിച്ചത് മഹാത്മാഗാന്ധിയുടെ പേരാണ്. ഇന്ന് അത് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നൊക്കെയാണ്. ഗാന്ധിയുടെ പേര് മോഷ്ടിച്ച് ഗാന്ധിയെപ്പോലെയാകാനാണ് അവർ ശ്രമിക്കുന്നത്. അതുപോലെ ഇന്നവർ ഇന്ത്യയുടെ പേരും മോഷ്ടിച്ചു" തെലങ്കാനയിൽ കർഷക കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം.
"രാജ്യത്തിന് സ്വാതന്ത്ര്യം നേടുക എന്ന ഉദ്ദേശത്തോടെയാണ് കോൺഗ്രസിന്റെ തുടക്കം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചാൽ അന്ന് മുതൽ കോൺഗ്രസ് അവസാനിക്കും എന്ന് ഗാന്ധി അക്കാലത്ത് പറഞ്ഞിരുന്നു. അന്ന് അവർ കോൺഗ്രസിനെ മോഷ്ടിച്ചു, പിന്നീട് ഗാന്ധിയെ, ഇപ്പോൾ ഇന്ത്യയെയും മോഷ്ടിച്ചു" കൈലാഷ് ചൗധരി പറഞ്ഞു. യു.പി.എ സർക്കാരിന്‍റെ കാലത്ത് നടത്തിയ അനീതികളെ മറച്ചുവെക്കാനാണ് പ്രതിപക്ഷ സഖ്യത്തിന് ഇൻഡ്യ എന്ന് പേരിട്ടതെന്നും അതുകൊണ്ടു മാത്രം കോൺഗ്രസിന്‍റെ കള്ളക്കഥകൾ മറച്ചുവെക്കാൻ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.