ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റ് നഫെ സിങ് റാത്തി വെടിയേറ്റു മരിച്ചു
ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹദൂര്‍ഗഡില്‍ വെച്ചാണ് വെടിയേറ്റത്
ഹരിയാന: ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹദൂര്‍ഗഡില്‍ വെച്ചാണ് വെടിയേറ്റത്.
സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളിലില്‍ യാത്ര ചെയ്യുന്നതിനിടെ വെടിയേറ്റാണ് മുന്‍ നിയമസഭാംഗം മരിച്ചതെന്ന് ഐ.എന്‍.എല്‍.ഡി വക്താവ് രാകേഷ് സിഹാഗ് പറഞ്ഞു. വെടി വെച്ചത് ആരാണെന്ന് വ്യക്തമല്ല. ആക്രമണത്തില്‍ വെടിയേറ്റ റാത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
2023 ജനുവരിയില്‍ മുന്‍ മന്ത്രി മംഗേ റാം നമ്പര്‍ദാറിന്റെ മകനും ബി.ജെ.പി നേതാവുമായ ജഗദീഷ് നമ്പര്‍ദാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹരിയാന പോലീസ് റാത്തിക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 306 ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്.
എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മുതിര്‍ന്ന ഐ.എന്‍.എല്‍.ഡി നേതാവ് അഭയ് സിംഗ് ചൗട്ടാല ആരോപിച്ചിരുന്നു.