വിഭജനത്തിൽ വേർപെട്ട സിഖ് സഹോദരനും മുസ്‌ലിം സഹോദരിയും 75 വർഷത്തിനുശേഷം കണ്ടുമുട്ടി

75 വർഷങ്ങൾക്ക് മുമ്പ് വിഭജനത്തോടെ ഇരു രാജ്യങ്ങളിലായിപ്പോയ അമർജിത് സിങ്ങും കുൽസൂം അക്തറുമാണ് കണ്ടുമുട്ടിയത്.

Update: 2022-09-10 11:55 GMT
Advertising

ഇസ്‌ലാമാബാദ്: 75 വർഷത്തെ ഇടവേളക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയപ്പോൾ അമർജിത് സിങ്ങിനും കുൽസൂം അക്തറിനും സന്തോഷം പങ്കുവെക്കാൻ വാക്കുകളുണ്ടായിരുന്നില്ല. വിഭജനത്തോടെ വേർപെട്ടുപോയ ഇരുവരും പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടുമുട്ടിയത് പാകിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബിലാണ്. വിഭജനത്തെ തുടർന്ന് പാകിസ്താനിലേക്ക് പോയ അമർജിതിന്റെ മാതാപിതാക്കൾ അദ്ദേഹത്തെയും സഹോദരിയേയും ഇന്ത്യയിൽ ഉപേക്ഷിക്കുകയായിരുന്നു.

മാതാപിതാക്കൾ പാകിസ്താനിലെത്തിയതിന് ശേഷമാണ് കുൽസൂം ജനിച്ചത്. ഉപേക്ഷിച്ചുപോന്ന മക്കളെയോർത്ത് തന്റെ അമ്മ എപ്പോഴും കരയാറുണ്ടായിരുന്നുവെന്ന് കുൽസൂം പറഞ്ഞു. തന്റെ സഹോദരനെ ജീവിതത്തിലൊരിക്കലും കണ്ടുമുട്ടാനാവുമെന്ന് കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുമ്പ് അച്ഛന്റെ സുഹൃത്തായ സർക്കാർ ദാരാ സിങ് പാകിസ്താനിലെത്തിയപ്പോൾ അമർജിതിന്റെയും കുൽസൂമിന്റെയും അമ്മ അദ്ദേഹത്തോട് തന്റെ മക്കളെ കുറിച്ചും ജലന്ധറിലെ വീടിനെക്കുറിച്ചും പറഞ്ഞതാണ് വർഷങ്ങൾക്ക് ശേഷമുള്ള ഒത്തുചേരലിന് വഴിയൊരുക്കിയത്.

തിരിച്ച് ജലന്ധറിലെത്തിയ ദാരാ സിങ് കുട്ടികളെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. അപ്പോഴേക്കും അമർജിതിന്റെ സഹോദരി മരിച്ചുപോയിരുന്നു. അമർജിതിനെ 1947ൽ ഒരു സിഖ് കുടുംബം ദത്തെടുക്കുകയും അമർജിത് സിങ് എന്ന് പേര് നൽകുകയും ചെയ്തിരുന്നു. സഹോദരനെക്കുറിച്ച് വിവരം ലഭിച്ചതോടെ കുൽസൂം അദ്ദേഹത്തെ വാട്‌സ്ആപ്പിലൂടെ ബന്ധപ്പെട്ട് പരസ്പരം കാണാൻ ധാരണയിലെത്തുകയായിരുന്നു.

അടൽ-വാഗാ അതിർത്തി വഴിയാണ് അമർജിത് പാകിസ്താനിലെത്തിയത്. 65-കാരിയായ കുൽസൂം കടുത്ത നടുവേദനയെ അവഗണിച്ചാണ് സഹോദരനെ കാണാൻ ഫൈസലാബാദിൽനിന്ന് കർതാർപുരിലെത്തിയത്. മകൻ ഷഹ്‌സാദ് അഹമ്മദും മറ്റു ബന്ധുക്കളും കുൽസൂമിനൊപ്പമുണ്ടായിരുന്നു. തന്റെ യഥാർഥ മാതാപിതാക്കൾ മുസ്‌ലിംകളാണെന്ന് അറിഞ്ഞപ്പോൾ വലിയ ഞെട്ടലുണ്ടായെന്ന് അമർജിത് സിങ് പറഞ്ഞു. വിഭജനകാലത്ത് മറ്റു നിരവധി കുടുംബങ്ങളിൽ ഇത്തരം വേർപാടുകൾ ഉണ്ടായിട്ടുണ്ടെന്ന കാര്യം ഉൾക്കൊണ്ടപ്പോൾ വിഷമം മാറിയെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം കൈമാറാൻ നിരവധി പാരിതോഷികങ്ങളുമായാണ് അമർജിത്തും കുൽസൂമും എത്തിയത്. തന്റെ സഹോദരിയെ ഇന്ത്യയിലെത്തിച്ച് സിഖ് കുടുംബവുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കാൻ താൽപര്യമുണ്ടെന്ന് അമർജിത് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News