രാജ്യം വീണ്ടും കൽക്കരിക്ഷാമത്തിലേക്ക്; ഹരിയാന,ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ പവര്‍കട്ടുണ്ടായേക്കും
റഷ്യ-യുക്രൈൻ യുദ്ധം നടക്കുന്നതിനാൽ ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയർന്നതാണ് നിലവിലെ ക്ഷാമത്തിന് കാരണം
ഡല്‍ഹി: രാജ്യം വീണ്ടും കൽക്കരിക്ഷാമത്തിലേക്ക്. 12 സംസ്ഥാനങ്ങളിൽ കൽക്കരിക്ഷാമം രൂക്ഷമാണ്. ഹരിയാന,ഗുജറാത്ത്, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പവർകട്ട് പ്രഖ്യാപിച്ചേക്കും.
താപനിലയങ്ങളിലെ കൽക്കരി ശേഖരം ശോഷിച്ചതോടെയാണ് 12 സംസ്ഥാനങ്ങൾ ഊർജ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.റഷ്യ-യുക്രൈൻ യുദ്ധം നടക്കുന്നതിനാൽ ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയർന്നതാണ് നിലവിലെ ക്ഷാമത്തിന് കാരണം.ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ പവർകട്ട് ഏർപ്പെടുത്തേണ്ട സ്ഥിതിയുണ്ട്. ഈ സംസ്ഥാനങ്ങൾ ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ നാലോ അഞ്ചോ ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് ബാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം യോഗം ചേർന്ന് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കഴിഞ്ഞ മാസം ഒക്ടോബറിൽ സമാനമായ പ്രതിസന്ധി രാജ്യത്ത് ഉണ്ടായി. അത് മറികടക്കുന്നതിനിടെയാണ് വീണ്ടും കൽക്കരി ക്ഷാമം രൂക്ഷമാകുന്നത്.
കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 173 താപവൈദ്യുത നിലയങ്ങളിൽ നൂറിലും കൽക്കരിയുടെ ക്ഷാമം ഉണ്ട്. അന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തിൽ വരുംനാളുകളിലും വൈദ്യുതി ഉപഭോഗം കൂടുമെന്നുറപ്പ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ഊർജമന്ത്രാലയം യോഗം ചേർന്ന് തീരുമാനമെടുക്കും