അഭിമാനമായി നീരജ് ചോപ്ര, സിക്കിമിൽ മിന്നൽപ്രളയം, രൺബീറിന് ഇ.ഡി നോട്ടിസ്; അറിയാം ഇന്നത്തെ എക്‌സ് ട്രെൻഡിങ്
23 സൈനികരെ കാണാതായ സിക്കിമിലെ മിന്നൽപ്രളയത്തിൽ ഇതിനകം എട്ടുപേർക്കു ജീവൻ നഷ്ടമായിട്ടുണ്ട്
കോഴിക്കോട്: ഏഷ്യൻ ഗെയിംസിൽ സർവകാല റെക്കോർഡും ഭേദിച്ചുള്ള ഇന്ത്യൻ മെഡൽകൊയ്ത്ത് കണ്ട ദിവസമാണിന്ന്. നീരജ് ചോപ്ര ഉൾപ്പെടെ ഇന്ത്യൻ താരങ്ങൾ സ്വർണവും വെള്ളിയും വെങ്കലവും വാരിയത് എക്‌സിൽ ട്രെൻഡിങ്ങാണ്. എന്നാൽ, മെഡൽനേട്ടം രാജ്യത്തിന് അഭിമാനമാകുമ്പോഴും വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിലെ മിന്നൽപ്രളയം രാജ്യമനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. സൈനികരടക്കം നിരവധി പേരെ കാണാതായ പ്രളയത്തിൽ ഇതിനകം എട്ടുപേർക്കു ജീവൻ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. മഹാദേവ് ഗെയിമിങ് ആപ് കേസിൽ ബോളിവുഡ് നടൻ രൺബീർ കപൂറിന് ഇ.ഡി നോട്ടിസ് ലഭിച്ചതും ഡൽഹി മദ്യനയക്കേസിൽ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിനെ അറസ്റ്റിലായതുമാണ് ഇന്ന് എക്‌സിനെ ഭരിക്കുന്ന മറ്റു വിഷയങ്ങൾ.
സ്വർണം വിടാതെ നീരജ് ചോപ്ര; സർവകാല റെക്കോർഡും ഭേദിച്ച് ഇന്ത്യൻ കൊയ്ത്ത്
ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ചരിത്രം തിരുത്തിക്കുറിച്ച് 18 സ്വർണമടക്കം 81 മെഡലുമായി ഇന്ത്യൻ സംഘം കുതിപ്പ് തുടരുകയാണ്. 31 വെള്ളിയും 32 വെങ്കലവും സഹിതം നാലാം സ്ഥാനത്താണ് മെഡൽപട്ടികയിൽ ഇന്ത്യ. ചൈന ഒന്നാം സ്ഥാനത്ത് ബഹുദൂരം അതിവേഗം കുതിപ്പ് തുടരുമ്പോൾ ജപ്പാനും കൊറിയയും ഇന്ത്യയ്ക്കു മുന്നിലുണ്ട്.
പുരുഷ ജാവലിൻ ത്രോയിൽ പ്രതീക്ഷിച്ച പോലെത്തന്നെ ഇന്ത്യയുടെ അഭിമാനതാരം ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര സ്വർണം കഴുത്തിലണിഞ്ഞ ദിവസമാണിന്ന്. 88.88 മീറ്റർ കണ്ടെത്തിയാണ് നീരജ് ഇത്തവണ സ്വർണ മെഡൽ നിലനിർത്തിയത്. ഏഷ്യൻ ഗെയിംസ് ജാവലനിൽ ത്രോയിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. എന്നാൽ, എല്ലാവരെയും ഞെട്ടിച്ച് മറ്റൊരു ഇന്ത്യൻ താരമായ കിഷോർ കുമാർ കിടിലൻ പ്രകടനത്തിലൂടെ വെള്ളിയും നേടി ഇന്ന്.
4*400 റിലേയിലും ഇന്ത്യൻ പുരുഷ ടീം സ്വർണം നേടി. മലയാളികളായ മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, രാജേഷ് രമേശ് എന്നിവരാണ് ഇന്ത്യക്കായി അഭിമാനനേട്ടം ഓടിയെടുത്തത്. വനിതകളുടെ 4*400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം വെള്ളി നേടി. വിത്യ രാംരാജ്, ഐശ്വര്യ കൈലാശ് മിശ്ര, പ്രാചി, ശുഭ വെങ്കടേശൻ എന്നിവരടങ്ങുന്ന സംഘമാണ് വെള്ളി നേടിയത്. ഇന്ത്യൻ അഭിമാനമുയർത്തി ഹർമിലൻ ബൈൻസ് വനിതകളുടെ 800 മീറ്ററിലും വെള്ളി മെഡൽ നേടി. നേരത്തെ, 1500 മീറ്ററിലും വെള്ളി നേടിയിരുന്നു ഹർമിലൻ. പുരുഷ ഗുസ്തിയിൽ ഇന്ത്യയുടെ സുനിൽ കുമാർ വെങ്കലവും നേടി.
സിക്കിമിൽ മിന്നൽപ്രളയം; സൈനികരടക്കം 29 പേരെ കാണാനില്ല
സിക്കിമിലുണ്ടായ അപ്രതീക്ഷിത മിന്നൽപ്രളയത്തിൽ സൈനികരടക്കം നിരവധി പേരെ കാണാതിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ടുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 23 സൈനികരടക്കം 29 പേരെയായിരുന്നു പ്രളയത്തിൽ കാണാതായത്. മലയാളികൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർ വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്നുമുണ്ട്.
സൈനികകേന്ദ്രം ഒഴുകിപ്പോയി. ലഖൻ വാലിയിൽ മേഘവിസ്‌ഫോടനമുണ്ടായതായാണ് വിവരം. ഭൂചലനമാകാം അപ്രതീക്ഷിത പ്രളയത്തിന് കാരണമെന്ന് കേന്ദ്രജല കമ്മീഷൻ അറിയിച്ചു. നിരവധി സൈനിക വാഹനങ്ങളും വെള്ളത്തിൽ മുങ്ങി.
ചൊവ്വാഴ്ച രാത്രി സിക്കിമിലെ ലാചെൻ താഴ്വരയിലെ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കെത്തെ തുടർന്നാണ് വൻനാശനഷ്ടമുണ്ടായത്. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്‌ഫോടനമാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ചുങ്താങ് അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.
ഡൽഹി മദ്യനയക്കേസ്: ആം ആദ്മി എം.പി സഞ്ജയ് സിങ് അറസ്റ്റിൽ
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി എം.പി സഞ്ജയ് സിങ്ങിനെ ഇ.ഡി അറസ്റ്റ് ചെയ്തു. 10 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ്. രാവിലെ സഞ്ജയ് സിങിൻറെ വസതിയിലെത്തിയാണ് ഇ.ഡി ചോദ്യം ചെയ്തത്. ഇതേ കേസിൽ അറസ്റ്റിലായ ദിനേശ് അറോറ നടത്തിയ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി പരിശോധന.
മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയെ പരിചയപ്പെടുന്നത് സഞ്ജയ് സിങ് വഴിയാണെന്നായിരുന്നു ദിനേശ് അറോറയുടെ മൊഴി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്താനും സഞ്ജയ് സിങ്ങാണ് വഴിയൊരുക്കിയതെന്നും ദിനേശ് അറോറ മൊഴി നൽകിയിരുന്നു.
ബോളിവുഡ് നടൻ രൺബീർ കപൂറിന് ഇ.ഡി നോട്ടീസ്
മഹാദേവ് ഗെയിമിങ് ആപ് കേസിൽ ബോളിവുഡ് നടൻ രൺബീർ കപൂറിന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നോട്ടീസ്. നടൻ വെള്ളിയാഴ്ച ഇഡിക്ക് മുമ്പിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്. ഗെയിമിങ് ആപ് കമ്പനിയുടെ 417 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെയാണ് ഇ.ഡി നീക്കം.
കേസുമായി ബന്ധപ്പെട്ട് രൺബീറിനെ കൂടാതെ 17 സിനിമാ-ക്രിക്കറ്റ് താരങ്ങൾ ഇ.ഡിയുടെ വലയത്തിലുണ്ട് എന്നാണ് സൂചന. ആപ് ഉടമകളിൽ ഒരാളായ സൗരഭ് ചന്ദ്രകാറിന്റെ ആഡംബര വിവാഹത്തിൽ പങ്കെടുത്ത ടൈഗർ ഷ്‌റോഫ്, സണ്ണി ലിയോൺ, നേഹ കക്കർ, ആതിഫ് അസ്ലം, റാഹത് ഫതേഹ് അലി ഖാൻ, അലി അസ്ഗർ, വിശാൽ ദൽദാനി, എല്ലി എവ്‌റം, ഭാർതി സിങ്, ഭാഗ്യശ്രീ, നുസ്രത്ത് ഭറുച, കൃഷ്ണ അഭിഷേക്, സുഖ്‌വീന്ദർ സിങ് തുടങ്ങിയവരിൽനിന്ന് ഇ.ഡി മൊഴിയെടുത്തേക്കും.
Summary: India's medal hunt in Asian Games, Sikkim flash floods: Today's X trending