'പൈലറ്റിനെ മർദിച്ചത് ഹണിമൂൺ യാത്ര വൈകിയതിനാൽ'; ഇൻഡിഗോ യാത്രക്കാരന്റെ മൊഴി
വിമാനം 13 മണിക്കൂർ വൈകിയതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട് പൈലറ്റിനെ മർദിക്കുകയായിരുന്നുവെന്നും യുവാവ്
ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ മർദിച്ച യാത്രക്കാരൻ ഹണിമൂൺ യാത്രയിലായിരുന്നെന്ന് മൊഴി. ഗോവയിലേക്കുള്ള യാത്രയിലായിരുന്നു താനെന്നും വിമാനം 13 മണിക്കൂർ വൈകിയതിനാൽ തന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും യാത്രക്കാരൻ മൊഴി നൽകിയതായി ഡൽഹി പൊലീസ് അറിയിച്ചു.
ഞായറാഴ്ച ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6e-2175 വിമാനത്തിലായിരുന്നു അപ്രതീക്ഷിത സംഭവം. മൂടൽമഞ്ഞ് മൂലം യാത്ര വൈകുമെന്നറിയിച്ച പൈലറ്റിനെ സഹിൽ കഡാരിയ എന്ന യാത്രക്കാരൻ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വൻ പ്രതിഷേധവുമുയർന്നു. വിമാനത്തിന്റെ സഹക്യാപ്റ്റൻ ആയ അനൂപ് കുമാറിനെ ആണ് സഹിൽ മർദിച്ചത്. സംഭവത്തിന് പിന്നാലെ വിമാനത്തിലെ ജീവനക്കാർ ഇയാളെ പിടികൂടി പൊലീസിലേൽപ്പിച്ചു.
അച്ചടക്കം പാലിക്കാത്തതിനാൽ സഹിലിനെ നോ-ഫ്‌ളൈ ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ ആയാൽ സഹിലിന് 30 ദിവസത്തേക്ക് ഇൻഡിഗോയുടെ ഒരു വിമാനത്തിലും യാത്ര ചെയ്യാനാവില്ല. ഡൽഹിയിൽ ടോയ് ഷോപ്പ് നടത്തുകയാണ് സഹിൽ. അഞ്ചുമാസം മുമ്പായിരുന്നു ഇയാളുടെ വിവാഹം.
അതേസമയം ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് മൂലം നൂറിലധികം വിമാനങ്ങളാണ് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്. മൂന്ന് മണിക്കൂറിലധികം വൈകി പറക്കുന്ന വിമാനങ്ങൾ ക്യാൻസൽ ചെയ്യാൻ വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശമുണ്ടായിരുന്നു.