ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി സിനിമാ മോഡൽ കവർച്ച; ഡൽഹിയിൽ 7 പേർ അറസ്റ്റിൽ

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഡൽഹി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്

Update: 2022-08-15 01:37 GMT
Editor : Jaisy Thomas | By : Web Desk
Advertising

ന്യൂഡൽഹി: മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഡൽഹിയിലെ വെൽനെസ് സെന്‍റര്‍ കൊള്ളയടിച്ച ഏഴ് പേർ അറസ്റ്റിൽ. ബുധനാഴ്‌ച ഉച്ചയോടെ നേതാജി സുഭാഷ് പ്ലേസ് കോംപ്ലക്‌സിലെ വെൽനസ് സെന്‍ററിന്‍റെ ഓഫീസിലേക്ക് എത്തിയ സംഘം ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഡൽഹി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

'സ്‌പെഷ്യൽ 26' എന്ന ബോളിവുഡ് ചിത്രമാണ് മോഷണത്തിന് പ്രചോദനമായതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പോലീസിനോട് പറഞ്ഞു. 2013ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് സ്‌പെഷ്യൽ 26. വ്യാജ സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞ് മുംബൈയിൽ കവർച്ച നടത്തുന്നതാണ് നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പ്രമേയം. സമാനമായ രീതിയിലാണ് ഡൽഹിയിലെ സംഘം കവർച്ച ആസൂത്രണം ചെയ്തത്. വെൽനെസ് സെന്‍ററിലേക്ക് അതിക്രമിച്ച് കയറിയ കൊള്ളസംഘം അഞ്ച് മണിക്കൂർ നീണ്ട 'റെയ്ഡിനൊടുവിൽ' ഏഴ് ലക്ഷം രൂപയോളം കവർന്നാണ് സ്ഥലം വിട്ടത്. പണത്തിന് പുറമേ ഓഫീസിലെ ലാപ്‌ടോപ്പുകൾ, പത്ത് ഫോണുകൾ, ബാങ്ക് രേഖകൾ എന്നിവയും സംഘം കൈക്കലാക്കിയിരുന്നു.

പ്രശാന്ത് കുമാർ പാട്ടീൽ (29) എന്നയാളാണ് കവർച്ചയുടെ മുഖ്യ ആസൂത്രകൻ. ഇയാൾ മുൻപ് കേന്ദ്രസർക്കാർ ജീവനക്കാരനായിരുന്നു. വ്യാജ കമ്പനികൾക്ക് വായ്പ അനുവദിച്ചെന്നാരോപിച്ച് ഭോപ്പാൽ ക്രൈം ബ്രാഞ്ച് കേസെടുത്തതിനെ തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. കേസിലകപ്പെട്ട് ഭോപ്പാൽ ജയിലിൽ കഴിയവേ കൂട്ടുപ്രതി മജീദിനെ പരിചയപ്പെടുകയും ഇരുവരും ചേർന്ന് വെൽനെസ് സെന്‍റര്‍ കൊള്ളയടിക്കാൻ പദ്ധതിയിടുകയും ചെയ്യുകയായിരുന്നു. തുടർന്ന് കൂടുതൽ പേരെ സംഘത്തിൽ ചേർത്തു. രണ്ട് സ്‌ത്രീകളും ഇക്കൂട്ടത്തിലുണ്ട്. അറസ്റ്റിലായ നേഹ എന്ന യുവതി കമ്പ്യൂട്ടറില്‍ വൈദഗ്ധ്യമുള്ളയാളാണെന്നും വ്യാജ പൊലീസ് ഐഡികളും രേഖകളും ഉണ്ടാക്കിയിരുന്നതായും ഡി.സി.പി പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News