45 ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം; ഇന്ത്യക്ക് മുന്നറിയിപ്പുമായി യുണൈറ്റഡ് വേൾഡ് റസലിങ്

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച വ്യാഴാഴ്ച രാജ്യവ്യാപക സമരം പ്രഖ്യാപിച്ചു

Update: 2023-05-31 07:45 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കായികതാരങ്ങൾക്ക് പിന്തുണയുമായി അന്തർ ദേശീയ കായിക സംഘടനകളും രംഗത്ത് എത്തിയതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. 45 ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ റസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഫിലിയേഷൻ റദ്ദാക്കുമെന്നാണ് അന്താരാഷ്ട്ര ഗുസ്തി മത്സരങ്ങൾ നിയന്ത്രിക്കുന്ന യുണൈറ്റഡ് വേൾഡ് റസലിങ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. താരങ്ങളുമായും കേന്ദ്ര സർക്കാരുമായും ചർച്ച നടത്തുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്. ഒക്ടോബറിൽ നടക്കുന്ന കമ്മിറ്റിയുടെ യോഗം ഇന്ത്യയിൽ ചേരാനിരിക്കെയാണ് ഐഒസി വിഷയത്തിൽ ഇടപെടുന്നത്.

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച വ്യാഴാഴ്ച രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ജില്ലാ താലൂക്ക് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാകും നാളെ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ബ്രിജ്ഭൂഷണിന്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തുക.

ബ്രിജ്ഭൂഷണ് എതിരെ നടപടി സ്വീകരിക്കാൻ അഞ്ച് ദിവസത്തെ സമയം നൽകിയ താരങ്ങളുടെ ഭാവി സമര പരിപാടികൾ നാളെ മുസഫർ നഗറിൽ ചേരുന്ന ഖാപ് മഹാപഞ്ചായത്ത് തീരുമാനിക്കുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചിട്ടുള്ളത്. താരങ്ങൾക്ക് ദേശീയ സ്മാരകമായ ഇന്ത്യാ ഗേറ്റിൽ സമരത്തിന് അനുമതി നൽകാൻ കഴിയില്ലെന്നാണ് ഡൽഹി പൊലീസ് നിലപാട്.

പോക്‌സോ നിയമത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടിയാണ് നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി ബ്രിജ്ഭൂഷണെ പിന്തുണച്ച് ഒരു വിഭാഗം സന്യാസിമാർ ജൂൺ അഞ്ചിന് അയോധ്യയിൽ റാലി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് ബിജെപി റാലിയെ പിന്തുണയ്ക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും ബ്രിജ്ഭൂഷണ് എതിരെ നടപടി എടുക്കാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനും ബിജെപിക്കുമുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്താൽ ഗോണ്ട, കൈസർഗഞ്ച്, ബൽറാംപൂർ, അയോധ്യ, ബഹറൂച്ച് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പാർട്ടി തിരിച്ചടി നേരിട്ടെക്കാം എന്ന ആശങ്ക ബിജെപിക്കുണ്ട് .

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News