120 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തി; വിവാദ ആൾദൈവം 'ജിലേബി ബാബ' ജയിലില്‍ മരിച്ചു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടുതവണ ബലാത്സംഗം ചെയ്ത കേസിലടക്കം 14 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു
ചണ്ഡീഗഢ്: 120 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജയിലിലായിരുന്ന വിവാദ ആൾദൈവം ജിലേബി ബാബ അന്തരിച്ചു. 14 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന ജിലേബി ബാബ എന്ന ബില്ലു റാം ഹിസാർ സെട്രൽ ജയിലിലാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ജയിൽ അധികൃതർ അറിയിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് സബ് ഇൻസ്‌പെക്ടർ ഭൂപ് സിംഗ് ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ഇയാൾ പ്രമേഹ രോഗിയായിരുന്നെന്നും ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും ബില്ലുറാമിന്റെ അഭിഭാഷകനായ ഗജേന്ദർ പാണ്ഡെ പറഞ്ഞു.
ഫത്തേബാബാദ് ജിലിലയിലെ തോഹാന സ്വദേശിയായ ബില്ലുറാം 2023 ജനുവരിയിലാണ് ലൈംഗിക പീഡനക്കേസിൽ ശിക്ഷിക്കപ്പെടുന്നത്. ഉന്തുവണ്ടിയിൽ ജിലേബി വിൽക്കലായിരുന്നു ഇയാളുടെ ആദ്യകാല ജോലി.തുടർന്നാണ് സ്വയം പ്രഖ്യാപിത ആൾദൈവമായി പ്രത്യക്ഷപ്പെടുന്നത്. 'ജലേബി ബാബ' എന്ന പേരിൽ പിന്നീട് അറിയപ്പെടുകയും ചെയ്തു.
തന്റെയടുത്ത് സഹായം അഭ്യർഥിച്ച് വരുന്ന സ്ത്രീകളെ മയക്ക് മരുന്ന് നൽകി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ഈ വീഡിയോ പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും പതിവായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടുതവണ ബലാത്സംഗം ചെയ്തതിന് പോക്‌സോ വകുപ്പ് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
2018ലാണ് ഹരിയാന പൊലീസ് ഫത്തേഹാബാദിലെ തോഹാന ടൗണിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇയാളെയുടെ മൊബൈൽ ഫോണിൽ നിന്ന് 120 ഓളം ലൈംഗിക വീഡിയോ ക്ലിപ്പുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഹരിയാനയിലെ അതിവേഗ കോടതിയാണ് 14 വർഷത്തെ തടവിന് വിധിച്ചത്.പോക്‌സോ കേസിലായിരുന്നു 14 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. രണ്ട് ബലാത്സംഗക്കേസുകളിൽ ഏഴുവർഷവും ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റത്തിന് അഞ്ചുവർഷവും തടവ് വിധിച്ചു. ശിക്ഷകളെല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ലൈംഗിക പീഡനത്തിന് ഇരയായ ആറുപേർ ജിലേബി ബാബക്കെതിരെ കോടതയിൽ ഹാജരായിരുന്നു. ഇതിൽ മൂന്നുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി ശിക്ഷ വിധിച്ചത്.