ട്രെയിനില്‍ തീപിടിത്തമെന്ന് തെറ്റിദ്ധരിച്ചു; രക്ഷപ്പെടാനായി ചാടിയിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രെയിനിടിച്ചു; എട്ട് മരണം

പുഷ്പക് എക്സ്പ്രസിന് തീപിടിച്ചെന്ന് സംശയിച്ച് യാത്രക്കാർ കോച്ചിന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം

Update: 2025-01-22 14:01 GMT
Editor : rishad | By : Web Desk

മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രെയിൻ ഇടിച്ച് എട്ട് യാത്രക്കാർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുഷ്പക് എക്സ്പ്രസിലെ യാത്രക്കാരെ കർണാടക എക്സ്പ്രസ് ട്രെയിൻ ഇടിക്കുകയിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. 

പുഷ്പക് എക്സ്പ്രസിന് തീപിടിച്ചെന്ന് തെറ്റിദ്ധരിച്ച് യാത്രക്കാർ കോച്ചിന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ട്രെയിൻ അപകടമുണ്ടായത്. 

പുഷ്പക് എക്‌സ്പ്രസിൽ (മുംബൈ-ലഖ്‌നൗ ) യാത്ര ചെയ്ത യാത്രക്കാർ കോച്ചിൽ തീപ്പൊരിയുണ്ടെന്ന് തെറ്റിദ്ധരിച്ച് എമർജൻസി ചെയിൻ വലിക്കുകയും പിന്നാലെ പുറത്തിറങ്ങുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ട്രെയിൻ നിർത്തിയ ശേഷം, യാത്രക്കാരൻ ട്രെയിനിൽ നിന്ന് ഇറങ്ങിയത് മറ്റൊരു ട്രാക്കിലേക്ക്. ഈ സമയത്താണ് കർണാടക എക്സ്പ്രസ് ഇവരെ ഇടിക്കുന്നത്. എന്നാല്‍ തീവണ്ടിയിൽ തീപിടിത്തമുണ്ടായി എന്ന വിവരം റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. പതിനാറോളം പേരെയാണ് ട്രെയിന്‍ ഇടിച്ചതെന്നാണ് വിവരം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News