റെയിൽവേയിൽ ഉറച്ച് ജെഡിയു; വകുപ്പ് വിഭജനത്തിൽ തീരുമാനമാകാതെ എൻഡിഎ
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ മന്ത്രിസഭയിൽ ഇടം നേടിയേക്കും
ഡൽഹി: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും വകുപ്പ് വിഭജനത്തിൽ തീരുമാനമാകാതെ എൻഡിഎ. റെയിൽവേ വകുപ്പ് വേണമെന്ന ആവശ്യത്തിൽ ജെഡിയു ഉറച്ചു നിൽക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ മന്ത്രിസഭയിൽ ഇടം നേടിയേക്കും. പകരമായി ശിവരാജ് സിങ് ചൗഹാൻ ബിജെപി അധ്യക്ഷനാകും.
കേന്ദ്രമന്ത്രിയായി ലലൻ സിങ്ങിനെയാണ് ജെഡിയു നിർദേശിച്ചിരിക്കുന്നത്. ജെഡിയുവിന്റെ ദേശീയ അധ്യക്ഷൻ കൂടിയാണ് ലലൻ സിങ്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ആവശ്യമാണ് ബിജെപിക്ക് മുന്നിൽ കീറാമുട്ടിയായി നിൽക്കുന്നത്. ലോക്സഭാ സ്പീക്കർ സ്ഥാനമാണ് ടിഡിപിയുടെ ആവശ്യം. കേവല ഭൂരിപക്ഷമില്ലെങ്കിലും ഇത്രയും അധികാരമുള്ള ലോക്സഭാ സ്പീക്കർ സ്ഥാനം സഖ്യകക്ഷിക്ക് നൽകേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് ബിജെപിയിൽ ചർച്ചകൾ നടക്കുകയാണ്.
പ്രധാന വകുപ്പുകളെല്ലാം ബിജെപി കൈവശം വെച്ചുകൊണ്ട് ആ വകുപ്പുകളിലെ സഹമന്ത്രിസ്ഥാനം ഘടകകക്ഷികൾക്ക് നൽകാനായിരുന്നു പദ്ധതി. എന്നാൽ, നിലപാടുകളിൽ മാറ്റമില്ലാതെ വന്നതോടെ ഘടകകക്ഷികളുമായുള്ള ചർച്ച രാജ്‌നാഥ് സിങ്ങും അമിത് ഷായും തുടരുകയാണ്.