'മോദി പറഞ്ഞുനടക്കുന്ന സബ് കാ സാത്, സബ് കാ വികാസിന് വിരുദ്ധം'; കാവഡ് യാത്രയിലെ വിവാദ ഉത്തരവില്‍ വിമര്‍ശനവുമായി ജെ.ഡി.യു

ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ പറഞ്ഞു

Update: 2024-07-19 12:08 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: കാവഡ് യാത്രയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ബി.ജെ.പി സഖ്യകക്ഷി ജെ.ഡി.യുവും. ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലൂടെയും കാവഡ് യാത്ര കടന്നുപോകുന്നുണ്ട്. അവിടെയൊന്നുമില്ലാത്ത ഉത്തരവാണ് യു.പിയിലുള്ളതെന്നു മുതിര്‍ന്ന ജെ.ഡി.യു നേതാവ് കെ.സി ത്യാഗി വിമര്‍ശിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിലും വലിയ കാവഡ് യാത്ര ബിഹാറില്‍ നടക്കുന്നുണ്ടെന്ന് ത്യാഗി ചൂണ്ടിക്കാട്ടി. അവിടെ ഇത്തരം ഉത്തരവുകളൊന്നും വന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുനടക്കാറുള്ള 'സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ്' മുദ്രാവാക്യത്തിനു വിരുദ്ധമാണ് ഈ നിരോധനങ്ങള്‍. ഈ ഉത്തരവ് ബിഹാറിലും രാജസ്ഥാനിലും ജാര്‍ഖണ്ഡിലുമൊന്നുമില്ല. ഇതു പുനഃപരിശോധിക്കുന്നതാണു നല്ലതെന്നും അദ്ദേഹം പറഞ്ഞു.

കാവഡ് യാത്ര കടന്നുപോകുന്ന പാതയോരങ്ങളിലെല്ലാമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വിവാദ ഉത്തരവ്. തീര്‍ഥാടകരുടെ വിശ്വാസത്തിന്റെ വിശുദ്ധി നിലനിര്‍ത്താനാണെന്നു പറഞ്ഞാണ് ഉത്തരവിറക്കിയത്. യാത്രാ റൂട്ടില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷനോടെയുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഉത്തരവിനു പിന്തുണയുമായി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.

വിവാദ ഉത്തരവിനെതിരെ വന്‍ വിമര്‍ശനവും ഉയരുന്നുണ്ട്. ഭരണഘടനാ വിരുദ്ധമാണു നടപടിയെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മുസ്ലിം വ്യാപാരികളെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നു പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ കോടതികള്‍ സ്വമേധയാ കേസെടുക്കണമെന്ന് യു.പി മുന്‍ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ പറഞ്ഞു. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ജൂതവ്യാപാരികളെ ബഹിഷ്‌കരിച്ചതിനെയാണ് യോഗി ഭരണകൂടത്തിന്റെ ഉത്തരവ് അനുസ്മരിപ്പിക്കുന്നതെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസിയും പ്രതികരിച്ചു.

ജൂലൈ 22നാണ് കാവഡ് യാത്ര തുടങ്ങുന്നത്. ആഗസ്റ്റ് 19 വരെ ഇതു നീണ്ടുനില്‍ക്കും.

Summary: 'Nameplates on food ahops are against Sabka Saath, Sabka Vikas': JDU leader KC Tyagi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News