ബി.ജെ.പി ദേശീയ അധ്യക്ഷനായി ജെ.പി നദ്ദ തുടരും; 2024 ജൂൺ വരെ കാലാവധി നീട്ടി
ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്.
ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ കാലാവധി നീട്ടി. 2024 ജൂൺ വരെ നദ്ദ ദേശീയ അധ്യക്ഷസ്ഥാനത്ത് തുടരും. ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. തീരുമാനം ഐകകണ്‌ഠ്യേനയാണെന്ന് അമിത് ഷാ പറഞ്ഞു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് നദ്ദയുടെ പേര് നിർദേശിച്ചത്.
കോവിഡ് കാലത്ത് അടക്കം പാർട്ടിയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ നദ്ദക്ക് കഴിഞ്ഞെന്ന് അമിത് ഷാ പറഞ്ഞു. നദ്ദയുടെ കീഴിൽ ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കെ.സുരേന്ദ്രൻ തന്നെ സംസ്ഥാന അധ്യക്ഷനായി തുടരും. സംസ്ഥാന നേതൃത്വത്തിൽ ചിലർക്ക് അദ്ദേഹത്തിനെതിരെ അതൃപ്തിയുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ള സംസ്ഥാന അധ്യക്ഷൻമാർ തുടരട്ടെ എന്ന നിലപാടിലാണ് ദേശീയ നേതൃത്വം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു നേതൃമാറ്റം വേണ്ടെന്നാണ് തീരുമാനം.