പുതിയ ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് ഇന്ന് അധികാരമേൽക്കും
രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും
ന്യൂഡൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസായിട്ടാണ് ചന്ദ്രചൂഡ് ചുമതലയേൽക്കുന്നത്.
പുരോഗനമാത്മകമായ നിരവധി വിധികൾ രാജ്യത്തിനു സംഭാവന ചെയ്ത ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ന് രാവിലെ പത്തരയ്ക്ക് സത്യവാചകം ചൊല്ലി അധികാരമേൽക്കും. 2024 നവംബർ 11ന് വിരമിക്കുന്ന ചന്ദ്രചൂഡിന് രണ്ട് വർഷവും സേവനകാലയളവുണ്ടാകും. സുപ്രിംകോടതിയുടെ 16-ാമത് ചീഫ്ജസ്റ്റിസായിരുന്ന വൈ.വി ചന്ദ്രചൂഡിന്റെ മകനാണ്. 2016 മെയ് 13നാണ് സുപ്രിംകോടതി ജഡ്ജിയായത്. 2013 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2000ത്തിൽ ബോംബെ ഹൈക്കോടതി ജഡ്ജിയായി. 1998ൽ അഡീഷണൽ സോളിസിറ്റർ പദവി വഹിച്ചിരുന്നു. അയോധ്യ കേസ്, സ്വകാര്യതയ്ക്കുള്ള അവകാശം, ആധാറിന്റെ സാധുത, ശബരിമല സ്ത്രീപ്രവേശം തുടങ്ങിയ ശ്രദ്ധേയമായ നിരവധി ബെഞ്ചുകളിൽ ഭാഗമായിരുന്നു.
കാലാവധി പൂർത്തിയാകവേ നിലവിലെ ചീഫ് ജസ്റ്റിസ് യു.യു ലളിതാണ് പേര് നിർദേശിച്ചത്. ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നത് തടയാനെന്നാവശ്യപ്പെട്ട ഹരജി സുപ്രിംകോടതി കഴിഞ്ഞയാഴ്ച തള്ളിക്കളഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിനെ നിയമ മന്ത്രി കിരൺ റിജ്ജു അഭിനന്ദിച്ചു. രണ്ടാം നമ്പർ കോടതിയിൽ നിന്നും ഒന്നാം നമ്പർ കോടതിയിലേക്ക് ചീഫ് ജസ്റ്റിസ് ആയി ഡി.വൈ ചന്ദ്ര ചൂഡ് ഇന്ന് കടന്നിരിക്കും.