കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 50 ആയി; 30 പേരുടെ നില ​ഗുരുതരം

മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Update: 2024-06-21 11:17 GMT
Advertising

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം 100ലേറെ പേർ ചികിത്സയിലാണ്. ഇവരിൽ 30 പേരുടെ നില അതീവ​ഗുരുതരമാണെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

മരിച്ചവരിൽ 29 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറിയതായും ഇവ സംസ്‌കരിച്ചതായും കള്ളക്കുറിച്ചി ജില്ലാ കലക്ടർ പ്രശാന്ത് അറിയിച്ചു. 'വിഷമദ്യം കുടിച്ചതിനെ തുടർന്ന് 165 പേരെയാണ് കള്ളക്കുറിച്ചി, ജിംപെർ, സേലം, മുണ്ടിയാമ്പക്കം സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇവരിൽ 50 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലുള്ള 118 പേരിൽ 30 പേരുടെ നില ​ഗുരുതരമാണ്'- അദ്ദേഹം വ്യക്തമാക്കി.

ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർ സുഖം പ്രാപിച്ചു എന്നത് ആശ്വാസകരമായ കാര്യമാണ്. ജില്ലയിൽ വ്യാജമദ്യ വിൽപന തടയാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കള്ളക്കുറിച്ചി കലക്ടർ കൂട്ടിച്ചേർത്തു. കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനധികൃത മദ്യം കഴിക്കുന്നവർ സ്വമേധയാ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്കും ആവശ്യമെങ്കിൽ ചികിത്സയ്ക്കും വിധേയരാകണമെന്നും അതിലൂടെ ജീവൻ അപകടത്തിലാവുന്നത് തടയണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കള്ളക്കുറിച്ചിയിലെ കരുണപുരത്താണ് മദ്യദുരന്തമുണ്ടായത്. പ്രദേശത്ത് വ്യാജമദ്യം വിറ്റ ഗോവിന്ദരാജൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 200 ലിറ്റർ വ്യാജമദ്യം കണ്ടെടുത്തിരുന്നു. മദ്യത്തിൽ മെഥനോളിന്‍റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. സംഭവത്തിൽ റിട്ടയേർഡ് ജഡ്ജി ബി. ഗോകുൽദാസിന്‍റെ നേതൃത്വത്തിലുള്ള ഏകാംഗ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കലക്ടർ ശ്രാവൺ കുമാർ ജെതാവത്തിനെ സ്ഥലം മാറ്റിയിരുന്നു. ജില്ലാ പൊലീസ് മേധാവി സമയ് സിങ് മീണയെ സസ്പെൻഡ് ചെയ്യാനും തീരുമാനമായി. ദുരന്തത്തിൽ സിബിസിഐഡി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News