അനൈക്യം വിശ്വാസ്യത തകർക്കും; ഇൻഡ്യാ സഖ്യം ഒരുമിച്ച് നിൽക്കണം: കപിൽ സിബൽ

തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് പരാജയപ്പെട്ട സ്ഥാപനമായി മാറിയെന്നും കപിൽ സിബൽ ആരോപിച്ചു.

Update: 2025-03-23 10:10 GMT
Kapil Sibal urges Oppositions INDIA to end disunity
AddThis Website Tools
Advertising

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇൻഡ്യാ സഖ്യത്തിലെ ഭിന്നതകൾ അവസാനിപ്പിക്കണമെന്ന് രാജ്യസഭാ എംപി കപിൽ സിബൽ. പരസ്യമായ അനൈക്യം പൊതുസമൂഹത്തിൽ സഖ്യത്തിന്റെ വിശ്വാസ്യത തകർക്കുമെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സിബൽ പറഞ്ഞു.

സ്വയം ഭിന്നിക്കാതെ ഇൻഡ്യാ സഖ്യം ഒറ്റ ബ്ലോക്കായി നിൽക്കണം. സഖ്യത്തിന് ഒരു യോജിച്ച നയവും പ്രത്യയശാസ്ത്ര ചട്ടക്കൂടും ഭാവി പരിപാടിയും വേണം. സഖ്യത്തിന്റെ നയനിലപാടുകൾ വിശദീകരിക്കാൻ ഔദ്യോഗിക വക്താക്കളെ നിയമിക്കണമെന്നും സിബൽ പറഞ്ഞു.

ദേശീയ പ്രധാന്യമുള്ള വിഷയങ്ങൾ ഉണ്ടാവുമ്പോൾ യോജിച്ച് പ്രവർത്തിക്കാൻ കഴിയണം. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാട് പറയാൻ വക്താക്കൾക്ക് കഴിയണം. അതിന് സാധിക്കുന്നില്ലെങ്കിൽ മുന്നണിക്ക് ഫലപ്രദമായി മുന്നോട്ട് പോകാനാവില്ല. ഇൻഡ്യാ സഖ്യത്തിന് ഒരു ഔപചാരിക ഘടന വേണമെന്ന് താൻ ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് സ്വീകരിക്കപ്പെടുന്നില്ലെന്നും കപിൽ സിബൽ പറഞ്ഞു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രതിപക്ഷ പാർട്ടികൾ ഇൻഡ്യാ സഖ്യത്തിന് രൂപം നൽകിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മുന്നണിയിൽ ചില ഭിന്നതകൾ ഉടലെടുത്തിരുന്നു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും നേരിട്ട് മത്സരിച്ചതോടെ ഭിന്നത കടുത്തു. ഇരു പാർട്ടികളും പരസ്പരം രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് പരാജയപ്പെട്ട സ്ഥാപനമായി മാറിയെന്നും കപിൽ സിബൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസമില്ലായ്മയുടെ വിഷയം എത്ര വേഗത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുവോ ജനാധിപത്യത്തെ രക്ഷിക്കാനുള്ള സാധ്യത അത്രയും കൂടുമെന്നും സിബൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News