ആരാണ് നിങ്ങളെ കേൾക്കുന്നത്? നരേന്ദ്ര മോദിയോ?; 'ഐക്യ' പ്രസം​ഗത്തിൽ മോഹൻ ഭഗവതിനെ പരിഹസിച്ച് കപിൽ സിബൽ

ഹിന്ദുക്കൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത ആർഎസ്എസ് തലവന്റെ പ്രസം​ഗത്തെ പരിഹസിച്ചാണ് കപിൽ സിബൽ രം​ഗത്തു വന്നത്

Update: 2024-10-13 07:40 GMT

ന്യൂഡൽഹി: ആർഎസ്എസ് തലവൻ മോഹൻ ഭഗവതിനെ പരിഹസിച്ച് രാജ്യസഭാ എംപി കപിൽ സിബൽ. വിജയദശമി ദിനത്തിൽ ഭ​ഗവത് നടത്തിയ ഐക്യ പ്രസം​ഗത്തിനെ പരിഹസിച്ചാണ് കപിൽ സിബൽ രം​ഗത്തുവന്നത്. ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങൾ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് പാഠമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആർഎസ്എസ് തലവൻ ഹിന്ദുക്കൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്തത്. ജാതി വിഭജനങ്ങൾക്ക് അതീതമായി ഉയരാനും ദലിതർക്കും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് പിന്തുണ നൽകാനും ഹിന്ദു സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇതിനെയാണ് കപിൽ പരിഹസിച്ച് രം​ഗത്തെത്തിയത്.

Advertising
Advertising

വിജയദശമി ദിനത്തിൽ മോഹൻ ഭഗവത് നൽകിയ സന്ദേശം ഇങ്ങനെയാണ്. എല്ലാ ഉത്സവങ്ങളും ഒരുമിച്ച് ആഘോഷിക്കണം. എല്ലാ വിഭാ​ഗത്തിലുളള ആളുകൾക്കിടയിലും സുഹൃത്തുക്കളുണ്ടാകണം. വിവിധ വിഭാ​ഗങ്ങൾക്കിടയിൽ ഭാഷയ്ക്ക് വൈവിധ്യമുണ്ടാകാം, സംസ്‌കാരങ്ങൾ വ്യത്യസ്തമാകാം, ഭക്ഷണം വ്യത്യസ്തമാകാം. പക്ഷെ സൗഹൃദം അവരെ ഒരുമിച്ച് കൊണ്ടുവരും എന്നായിരുന്നു. നിങ്ങളുടെ സന്ദേശം നല്ലതുതന്നെ. പക്ഷെ ആരാണ് നിങ്ങളെ കേൾക്കുന്നത്? മോദിയോ? മറ്റാരെങ്കിലുമോ? കപിൽ സിബൽ തന്റെ എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി.

ഭഗവതിന്റെ പ്രസം​ഗം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെക്കുകയും ശതാബ്ദി ആഘോഷിക്കുന്ന ആർഎസ്എസിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഭ​ഗവതിന്റെ പ്രസം​ഗം കേൾക്കുന്നത് പ്രധാനമന്ത്രിമാത്രമാണോയെന്ന് കപിൽ ചോദിച്ചത്.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ നടന്ന ആക്രമണത്തിൽ അപലപിക്കുന്നുവെന്ന് പറഞ്ഞ ഭഗവത് ഇന്ത്യൻ സർക്കാർ അയൽരാജ്യങ്ങളിലെ ന്യൂനക്ഷങ്ങളെ സംരക്ഷിക്കാൻ കൂടുതൽ സജീവമായ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ വികാരം വളരുന്നതിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. അവർ പാകിസ്താനുമായി അടുക്കുന്നത് സംബന്ധിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News