നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ; രണ്ട് മന്ത്രിമാർ കോൺഗ്രസിലേക്ക്- കർണാടകയിൽ ബി.ജെ.പിക്ക് ഷോക്ക്

കഴിഞ്ഞ ദിവസം കർണാടകയിലെ രണ്ട് മുൻ ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിൽ ചേർന്നിരുന്നു

Update: 2023-03-09 12:55 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ കർണാടകയിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. രണ്ട് മന്ത്രിമാർ കോൺഗ്രസിലേക്ക് ചേരാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഭവന, അടിസ്ഥാന വികസന മന്ത്രി വി. സോമണ്ണ, യുവജന-കായിക മന്ത്രി കെ.സി നാരായണ ഗൗഡ എന്നിവര്‍ ബി.ജെ.പിയിൽനിന്ന് കൂടുമാറ്റത്തിനു നീക്കം നടത്തുന്നതായി 'ദ ഇന്ത്യന്‍ എക്‍സ്‍പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പിയിലും ശക്തമാണ്.

മുതിർന്ന നേതാവായിട്ടും പാർട്ടിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന അസംതൃപ്തിയിലാണ് സോമണ്ണ എന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ 'വിജയസങ്കൽപ യാത്ര'യുടെ കോർഡിനേറ്റർ കെ.എസ് ഈശ്വരപ്പയായിരുന്നു. സോമണ്ണയ്ക്ക് ജില്ലാ ചുമതല മാത്രമാണ് നൽകിയിരുന്നത്. ഇതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

പാർട്ടിയിൽ ഇനി അധികം ഭാവിയില്ലെന്ന തിരിച്ചറിവിലാണ് നാരായണ ഗൗഡയുടെ കൂടുമാറ്റം. ഇത്തവണ തെരഞ്ഞെടുപ്പിൽ വീണ്ടും ടിക്കറ്റ് ലഭിക്കാനിടയില്ലെന്ന റിപ്പോർട്ടും മനംമാറ്റത്തിനു പിന്നിലുണ്ട്. ഇതിനിടെ, കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ സമീപിച്ചതായാണ് വിവരം.

സോമണ്ണയും നാരായണ ഗൗഡയും മുൻപ് മറ്റു പാർട്ടികളിൽനിന്ന് ബി.ജെ.പിയിൽ ചേർന്നവരാണ്. മുൻപ് ജനതാദൾ ജനപ്രതിനിധിയായിരുന്ന സോമണ്ണ കോൺഗ്രസ് ടിക്കറ്റിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 2008ലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുന്നത്. 2010ൽ ബി.ജെ.പി ടിക്കറ്റിൽ ഗോവിന്ദരാജ് നഗർ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. പിന്നീട് ഇതുവരെ ഗോവിന്ദരാജിൽനിന്ന് തുടർച്ചയായി രണ്ടു തവണകൂടി തെരഞ്ഞെടുക്കപ്പെട്ടു. 2019ലാണ് മന്ത്രിയായി നിയമിതനാകുന്നത്.

2019ൽ ജെ.ഡി-എസിൽനിന്നാണ് കെ.സി നാരായണ ഗൗഡ ബി.ജെ.പിയിലേക്ക് കൂടുമാറുന്നത്. 2018ൽ എം.എൽ.എയായ അദ്ദേഹം സ്ഥാനം രാജിവയ്ക്കുകയും പിന്നീട് ബി.ജെ.പി ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. 2019ൽ കർണാടക സാക്ഷ്യംവഹിച്ച രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായിരുന്നു. 2018ൽ അധികാരമേറ്റ കോൺഗ്രസ്-ജെ.ഡി(എസ്) സർക്കാരിൽ അംഗമായിരുന്ന ഗൗഡ തൊട്ടടുത്ത വർഷം 17 എം.എൽ.എമാർക്കൊപ്പം ബി.ജെ.പിയിലേക്ക് കൂടുമാറുകയായിരുന്നു. 17 എം.എൽ.എമാരും സ്ഥാനം രാജിവച്ചതിനു പിന്നാലെ ബി.ജെ.പി കർണാടകയിൽ അധികാരം പിടിക്കുകയുമാണുണ്ടായത്.

മന്ത്രിമാരെ അനുനയിപ്പിക്കാനുള്ള ദൗത്യം ബി.ജെ.പി നേതൃത്വം പാർലമെന്ററി ബോർഡ് അംഗം ബി.എസ് യെദ്യൂരപ്പയെ ഏൽപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാർട്ടിയിൽനിന്നുള്ള കൂടുമാറ്റങ്ങൾ എന്തു വിലകൊടുത്തും തടയണമെന്നാണ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആര് പാർട്ടി വിട്ടാലും തെരഞ്ഞെടുപ്പിൽ അതു പാർട്ടിക്കും മുന്നണിക്കും തിരിച്ചടിയാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.

2019ൽ കോൺഗ്രസ്-ജെ.ഡി(എസ്) സർക്കാരിൽനിന്ന് രാജിവച്ച എം.എൽ.എമാരിൽ ഒരാൾ കോൺഗ്രസിൽ ചേരുമെന്ന് കഴിഞ്ഞയാഴ്ച കാർഷിക മന്ത്രി ബി.സി പാട്ടീൽ വെളിപ്പെടുത്തിയിരുന്നു. ഗൗഡയെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതോടൊപ്പം സോമണ്ണയും വിവിധ പാർട്ടികളുമായി ചർച്ചയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ തിങ്കളാഴ്ച രണ്ട് മുൻ ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിൽ ചേർന്നിരുന്നു. നഞ്ചുണ്ട സ്വാമി, മനോഹർ ഐനാപൂർ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. ഇവർക്കൊപ്പം മൈസൂരു മുൻ മേയറും ബി.എസ്.പി നേതാവുമായിരുന്ന പുരുഷോത്തമവും കോൺഗ്രസിലേക്ക് കൂടുമാറിയിരുന്നു.

Summary: V Somanna and KC Narayana Gowda, Two BJP ministers from Karnataka to join the Congress ahead of the assembly elections

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News