പ്രഖ്യാപനം വൈകുന്നു; കർണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾ നാളെയും തുടരും

നേതാക്കളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം

Update: 2023-05-16 16:02 GMT
Advertising

ന്യൂഡല്‍ഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾ നാളെയും തുടരും. ഡികെ ശിവകുമാറുമായും സിദ്ധരാമയ്യയുമായും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് ചർച്ച നടത്തി. സിദ്ധാരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ ഡികെ ശിവകുമാർ മുന്നോട്ട് വെച്ച നിബന്ധനകൾ മല്ലികാർജുൻ ഖാർഗെ ഉന്നത നേതാക്കളുമായി ചർച്ച ചെയ്യും.

മൂന്നംഗ നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്ക് ആണ്. എന്നാൽ രാവിലെ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ സിദ്ധരാമയ്യയെ പിന്തുണച്ചത് രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും മാത്രമാണ്. മല്ലികാർജുൻ ഖാർഗെ, സോണിയാഗാന്ധി, പ്രിയങ്കാ ഗാന്ധി, രൺദീപ് സിംഗ് സുർജേവാല എന്നിവരുടെ നിലപാട് ശിവകുമാർ മുഖ്യമന്ത്രി ആകട്ടെ എന്നാണ്. ആദ്യ ടേമിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തെരഞ്ഞെടുത്താൽ ഉപമുഖ്യമന്ത്രി സ്ഥാനത്ത് താൻ മാത്രമാകണമെന്നും മന്ത്രിസഭയിലെ താക്കോൽ സ്ഥാനങ്ങൾ താൻ നിർദ്ദേശിക്കുന്നവർക്ക് നൽകണം എന്നുമാണ് ഡികെ ശിവകുമാറിന്റെ ആവശ്യം.

അടുത്ത മൂന്ന് വർഷക്കാലം ഡികെ ശിവകുമാറിനെ കർണാടക പിസിസി അധ്യക്ഷനായി നിലനിർത്തി ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടാൻ ആണ് കോൺഗ്രസ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്. പാർട്ടി തനിക്ക് അമ്മയെ പോലെ ആണെന്നും പാർട്ടി നിലപാട് അംഗീകരിക്കുമെന്നും ഡികെ ശിവകുമാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഡികെ ശിവകുമാറുമായും സിദ്ധരാമയ്യയുമായും ചർച്ച നടത്തിയ മല്ലികാർജുൻ ഖാർഗെ നേതാക്കളുടെ നിലപാട് ഉന്നത നേതൃത്വത്തെ അറിയിക്കും. നാളെ കൂടി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News