ചിന്തൻ ശിബിർ ഇംപാക്ട്; ബിജെപി വേട്ടയാടുന്നവരുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാനൊരുങ്ങി കർണാടക കോൺഗ്രസ്
മുസ്‌ലിം പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള ഹിജാബ് വിവാദം, ക്ഷേത്രോത്സവത്തിൽ മുസ്‌ലിം കച്ചവടക്കാരെ തടയൽ, മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ ആരാധനാലയങ്ങൾ ആക്രമിക്കൽ തുടങ്ങിയവയിൽ കർണാടകയിലെ കോൺഗ്രസ് പ്രതികരിച്ചില്ലെന്ന് വിമർശിക്കപ്പെട്ടിരുന്നു
സംസ്ഥാനത്തെ ബിജെപി സർക്കാർ നയങ്ങളിലൂടെ വേട്ടയാടപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാനൊരുങ്ങി കോൺഗ്രസിന്റെ കർണാടക ഘടകം. മുസ്‌ലിംകൾ, കൃസ്ത്യാനികൾ തുടങ്ങിയ സമുദായങ്ങളുടെ പ്രശ്‌നങ്ങളാണ് കോൺഗ്രസ് ഏറ്റെടുക്കുന്നത്. 2023 സംസ്ഥാന തെരഞ്ഞെടുപ്പ് മുൻ നിർത്തി നടന്ന രണ്ടു ദിവസത്തെ പരിശീലനത്തിന് ശേഷം മാധ്യമങ്ങളെ കാണവേയാണ് പാർട്ടി തലവൻ ഡി.കെ ശിവകുമാർ തീരുമാനം അറിയിച്ചത്.
'ബിജെപി സർക്കാർ ഭരണത്തിലെത്തിയത് മുതൽ വേട്ടയാടപ്പെടുന്ന ഭരണഘടനാ മൂല്യങ്ങൾക്കായും സമുദായങ്ങൾക്കായും ഞങ്ങൾ നിലകൊള്ളും. വ്യാജ കേസുകൾ വഴി പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കുമായി ഇടപെടും' കോൺഗ്രസ് നവസങ്കൽപ്പ് ചിന്തൻ ശിബിറിന് ശേഷം ഡി.കെ ശിവകുമാർ വ്യക്തമാക്കി.
''കർണാടകയിലെ വർഗീയ വേർതിരിവ് ലോകം ശ്രദ്ധിച്ചിരിക്കുകയാണ്. കർണാടകയുടെയും ബംഗളൂരുവിന്റെയും പാരമ്പര്യം സംരക്ഷിക്കപ്പെടണം. അതിനായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സമൂഹത്തിലെ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്' കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വ്യക്തമാക്കി.
മുസ്‌ലിം പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള ഹിജാബ് വിവാദം, ക്ഷേത്രോത്സവത്തിൽ മുസ്‌ലിം കച്ചവടക്കാരെ തടയൽ, മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ ആരാധനാലയങ്ങൾ ആക്രമിക്കൽ തുടങ്ങിയവയിൽ കർണാടകയിലെ കോൺഗ്രസ് പ്രതികരിച്ചില്ലെന്ന് വിമർശിക്കപ്പെട്ടിരുന്നു. രണ്ടു മാസം മുമ്പ് രാഹുൽഗാന്ധി പങ്കെടുത്ത യോഗത്തിൽ ഹിന്ദുത്വർ ലക്ഷ്യമിടുന്ന സമുദായങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ പാർട്ടിക്ക് അവരുടെ പിന്തുണ നഷ്ടമാകുമെന്ന് മുതിർന്ന നേതാക്കളായ സിദ്ധരാമയ്യ, മല്ലികാർജുൻ ഖാർഗേ എന്നിവർ ഓർമപ്പെടുത്തിയിരുന്നു.
അതേസമയം, സംസ്ഥാനത്തെ പാർട്ടി ഭാരവാഹിത്വത്തിൽ 50 വയസ്സിന് താഴെയുള്ളവർക്ക് സംവരണം നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്നും ഡികെ ശിവകുമാർ അറിയിച്ചു.
Karnataka Congress ready to take up problems of communities hunted by BJP government