വ്യാജ മുദ്രപത്രങ്ങൾ വഴി തട്ടിപ്പ്; സ്റ്റാമ്പ് ഡ്യൂട്ടിക്ക് ഇനി ഡിജിറ്റൽ പേയ്‌മെന്റ് മാത്രം; പുതിയ നയവുമായി കർണാടക
സംസ്ഥാനത്തിന് തട്ടിപ്പിലൂടെ പ്രതിവർഷം 3,000 കോടി മുതൽ 8,000 കോടി വരെ നഷ്ടം ഉണ്ടായെന്നാണ് കണക്ക്
ബെംഗളൂരു: ക്യാഷ് അധിഷ്‌ഠിത ചലാനുകൾ അവസാനിപ്പിച്ച് സ്റ്റാമ്പ് ഡ്യൂട്ടിക്ക് ഡിജിറ്റൽ പേയ്‌മെൻ്റുകൾ നിർബന്ധമാക്കുന്ന നയം രൂപീകരിക്കാൻ ഒരുങ്ങി കർണാടക സർക്കാർ. ഫോട്ടോകോപ്പി ചെയ്ത സ്റ്റാമ്പ് പേപ്പറുകളും വ്യാജ ചലാനുകളും ഉൾപ്പെടെ സംസ്ഥാനത്ത് വ്യാജ രേഖകൾ വഴി ആയിരക്കണക്കിന് കോടികളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇത്തരത്തിൽ സംസ്ഥാനത്തിന് പ്രതിവർഷം 3,000 കോടി മുതൽ 8,000 കോടി വരെ നഷ്ടം ഉണ്ടായെന്നാണ് കണക്ക്.
രണ്ട് പതിറ്റാണ്ട് മുൻപ് സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ വ്യാജമുദ്രപത്ര കുംഭകോണത്തിന് സമാനമായ തട്ടിപ്പാണ് ഉണ്ടായത്. പുതിയ നയ പ്രകാരം സബ് രജിസ്ട്രാർമാർക്ക് സ്റ്റാമ്പ് ഡ്യൂട്ടി പേയ്‌മെന്റുകൾ നടത്താനുള്ള അധികാരം നഷ്ടപ്പെടും. കർണാടക സ്റ്റാമ്പ് ആക്ടിന് കീഴിൽ സെക്ഷൻ 10 എ പ്രകാരം സബ് രജിസ്ട്രാർമാർക്ക് ലഭിക്കുന്ന ഈ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 2600 പേർക്ക് അധികൃതർ നോട്ടീസുകൾ അയച്ചിട്ടുണ്ട്. ഇതിൽ പണയമിടപാടുകൾ നടത്തുന്നവരും ചെറുകിട ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ഒരേ ചാലനുകൾ ഉപയോഗിച്ച് ഒന്നിലധികം സ്റ്റാമ്പ് ഡ്യൂട്ടി പേയ്‌മെൻ്റുകൾ നടത്തിയതായും കണ്ടെത്തിട്ടുണ്ട്.
സബ് രജിസ്ട്രാർമാരുടെ ഒപ്പ് വ്യാജമായി ചമച്ചാണ് ഇടനിലക്കാർ വ്യാജ സ്റ്റാമ്പ് പേപ്പറുകൾ ഉണ്ടാക്കുന്നതെന്ന് കർണാടക റെവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ വ്യക്തമാക്കി.
"മാനുവൽ സ്റ്റാമ്പുകളുടെ തനിപ്പകർപ്പോ വ്യാജമോ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ, കേസുകൾ സജീവമായി പരിശോധിക്കുകയാണ്. പ്രഥമദൃഷ്ട്യാ, ദുരുപയോഗവും വ്യാജരേഖയും ഉണ്ടെന്നാണ് മനസിലാക്കുന്നത്. വിശദമായ അന്വേഷണം നടക്കുന്നു," ഗൗഡ ചൂണ്ടിക്കാട്ടി.