ആര്‍എസ്എസ് നേതാവിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കാനൊരുങ്ങി കര്‍ണാടക ; കൊമ്പു കോര്‍ത്ത് ബി.ജെ.പിയും കോണ്‍ഗ്രസും

വിദ്യാർത്ഥികളുടെ താൽപര്യം കണക്കിലെടുത്ത് ഈ വർഷം തന്നെ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്ന് മന്ത്രി മധു ബംഗാരപ്പ ഈയിടെ വ്യക്തമാക്കിയിരുന്നു

Update: 2023-06-10 05:13 GMT
Editor : Jaisy Thomas | By : Web Desk

സിദ്ധരാമയ്യ/ കെ ബി ഹെഡ്ഗേവാർ

Advertising

ബെംഗളൂരു: ബി.ജെ.പി അധികാരത്തിലിരുന്നപ്പോൾ സ്കൂൾ പാഠപുസ്തകങ്ങളിൽ വരുത്തിയ എല്ലാ മാറ്റങ്ങളും പിൻവലിക്കാനുള്ള കർണാടക സർക്കാരിന്‍റെ നിർദേശത്തെച്ചൊല്ലി കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വാക്പോര്. ഇതിനെക്കുറിച്ച് വിശദാംശങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെങ്കിലും ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിനെക്കുറിച്ചുള്ള ഒരു അധ്യായം നീക്കം ചെയ്യാനുള്ള നിർദേശം ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.


വിദ്യാർഥികളുടെ താൽപര്യം കണക്കിലെടുത്ത് ഈ വർഷം തന്നെ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ ഈയിടെ വ്യക്തമാക്കിയിരുന്നു. ''പഴയ പുസ്തകങ്ങള്‍ തിരിച്ചുവിളിക്കില്ല.എന്നാല്‍ എന്തു പഠിപ്പിക്കണം, എന്തു പഠിപ്പിക്കേണ്ട എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളുള്ള അനുബന്ധ പാഠപുസ്തകങ്ങള്‍ സ്കൂളിലേക്ക് അയക്കും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഇതിൽ വ്യക്തിപരമായി താൽപര്യമുണ്ട്, വിദ്യാർത്ഥികളുടെ താൽപര്യം കണക്കിലെടുത്ത് പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്ന് ഞങ്ങളുടെ പ്രകടനപത്രികയിലും വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഞങ്ങൾ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതുപോലെ, എന്‍റെ വകുപ്പിലും ഞങ്ങൾ അത് നിറവേറ്റും” ബംഗാരപ്പ പറഞ്ഞു. “തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തന്നെ ഞങ്ങൾ (കോൺഗ്രസ്) നിലവിലെ സിലബസിന് എതിരായിരുന്നു. ഇപ്പോൾ ഞങ്ങൾ അധികാരത്തിൽ വന്നശേഷം, ഞങ്ങളുടെ പ്രകടനപത്രികയിലെ വാഗ്ദാനം (പാഠപുസ്തകങ്ങളുടെ പരിഷ്കരണം) നിറവേറ്റും," ബംഗാരപ്പ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നിർത്തലാക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും വാഗ്ദാനം ചെയ്തിരുന്നു.



പാഠഭാഗങ്ങളിലൂടെ കുട്ടികളുടെ മനസ് മലിനമാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അടുത്തിടെ പറഞ്ഞിരുന്നു.അധ്യയന വർഷം ആരംഭിച്ചതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍സി ബി.കെ ഹരിപ്രസാദ് പറഞ്ഞു. ഹെഡ്‌ഗേവാർ ഭീരു ആണെന്നും വ്യാജ സ്വാതന്ത്ര്യ സമര സേനാനി ആണെന്നുമുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഹെഡ്‌ഗേവാറിനെക്കുറിച്ചുള്ള അധ്യായങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനത്തെ അസഹിഷ്ണുതയെന്നാണ് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി വിശേഷിപ്പിച്ചത്."അവർ (കോൺഗ്രസ്) അസഹിഷ്ണുത എന്ന വാക്ക് ഉപയോഗിച്ചിരുന്നു, ഇത് കാണിക്കുന്നത് അവർക്ക് ഒരു രാജ്യസ്നേഹിയോട് അസഹിഷ്ണുതയുണ്ടെന്നാണ്.ആശയപരമായി എതിർക്കാൻ അവർക്ക് അവകാശമുണ്ട്, പക്ഷേ ഹെഡ്‌ഗേവാറിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാൻ അവർക്ക് ധാർമ്മിക അവകാശമില്ല.ഈ രാജ്യക്കാരല്ലാത്ത, ജനാധിപത്യത്തിന് എതിരായിരുന്ന മാർക്‌സിനെയും മാവോയെയും കുറിച്ചുള്ള പാഠങ്ങൾ പാഠപുസ്തകത്തിലുണ്ടാകാം. പക്ഷേ ഹെഡ്‌ഗേവാറിനെപ്പോലുള്ള ദേശസ്‌നേഹികളെക്കുറിച്ചുള്ള പാഠങ്ങൾ ഉണ്ടാകില്ല. ഇതാണ് അസഹിഷ്ണുത, അവർ എന്ത് ചെയ്യുമെന്ന് നമുക്ക് നോക്കാം, എന്ത് ചെയ്യണമെന്ന് ഞങ്ങളുടെ പാർട്ടി തീരുമാനിക്കും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് പാഠപുസ്തകങ്ങൾ പരിഷ്കരിക്കാൻ ശ്രമിക്കുന്നതെന്ന് കർണാടക മുൻ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പ്രതികരിച്ചു. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്‍റെ പ്രസംഗം ഒരു അധ്യായമാക്കി സ്കൂൾ പാഠപുസ്തകങ്ങളെ കാവിവൽക്കരിക്കാൻ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News