മുസ്‍ലിം പള്ളിയോട് സമാനമായ താഴികക്കുടങ്ങള്‍; ബി.ജെ.പി എം.പിയുടെ ഭീഷണിയില്‍ ബസ് സ്റ്റോപ്പ് മാറ്റിപ്പണിതു

നേരത്തെ സ്വര്‍ണ നിറത്തിലുള്ള മൂന്ന് മിനാരങ്ങളായിരുന്നു ബസ് സ്റ്റോപ്പിന്‍റെ മേല്‍ക്കൂരയിലുണ്ടായിരുന്നത്

Update: 2022-11-27 14:02 GMT
Editor : ijas | By : Web Desk
Advertising

മൈസൂരു: ബി.ജെ.പി എം.പിയുടെ ഭീഷണിയില്‍ ബസ് സ്റ്റോപ്പിന്‍റെ മുകള്‍ ഭാഗം മാറ്റിപ്പണിതു. മുസ്‍ലിം പള്ളിയോട് സമാനമായ താഴികക്കുടങ്ങള്‍ ആണ് ബസ് സ്റ്റോപ്പിനെന്നും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു മാറ്റുമെന്നുമായിരുന്നു ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ ഭീഷണി. തുടര്‍ന്നാണ് ഇപ്പോള്‍ ബസ് സ്റ്റോപ്പില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ബസ് സ്റ്റോപ്പിന്‍റെ ഘടനയില്‍ മാറ്റം വരുത്തിയ നടപടിയെ അഭിനന്ദിച്ച് പ്രതാപ് സിംഹ ട്വിറ്ററിലൂടെ രംഗത്തുവരികയും ചെയ്തു. 

നേരത്തെ സ്വര്‍ണ നിറത്തിലുള്ള മൂന്ന് മിനാരങ്ങളായിരുന്നു ബസ് സ്റ്റോപ്പിന്‍റെ മേല്‍ക്കൂരയിലുണ്ടായിരുന്നത്. ഇന്ന് പുറത്തുവന്ന ചിത്രങ്ങളില്‍ ഒരു മിനാരം മാത്രമാണുള്ളത്.സ്വര്‍ണനിറം മാറ്റി ചുവന്ന നിറത്തിലുള്ള പെയിന്‍റാണ് പുതുതായി അടിച്ചിട്ടുള്ളത്. ബസ് സ്റ്റോപ്പിന്‍റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ കൊല്ലേഗല സെക്ഷനിലാണ് ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത്. ബി.ജെ.പി എം.എല്‍.എ രാംദാസ് പ്രതിനിധീകരിക്കുന്ന കൃഷ്ണരാജ അസംബ്ലി മണ്ഡലത്തിലാണ് ഇത് വരുന്നത്. ബസ് സ്റ്റോപ്പ് നിര്‍മാണം വിവാദമായതോടെ വിശദീകരണം നല്‍കാന്‍ ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ബസ് സ്റ്റോപ്പിന്‍റെ ഘടന സാമുദായികമായി മാറിയതായും സമാധാനം നിലനിര്‍ത്താന്‍ അത് നീക്കം ചെയ്യണമെന്നും എന്‍.എച്ച് അധികൃതര്‍ അറിയിച്ചു.

അതിനിടെ ബി.ജെ.പി എം.എല്‍.എ രാംദാസിന്‍റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് മൈസൂര്‍ സിറ്റി അധികൃതരാണ് ബസ് സ്റ്റോപ്പ് നിര്‍മിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നത്. എന്നാല്‍ ബസ് സ്റ്റോപ്പ് വിവാദമാക്കേണ്ടതില്ലായെന്നാണ് രാംദാസ് പറയുന്നത്. മൈസൂരിലുടനീളം ഇതേ മാതൃകയില്‍ 12ഓളം ബസ് സ്റ്റോപ്പുകള്‍ നിര്‍മിച്ചതായും അതിന് വര്‍ഗീയ നിറം നല്‍കുന്നത് വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ആളുകളുടെ അഭിപ്രായം പരിഗണിച്ച് രണ്ട് താഴികക്കുടങ്ങള്‍ പൊളിച്ച് വലിയ താഴികക്കുടം മാത്രം നിലനിര്‍ത്തിയതായും ജനങ്ങള്‍ അതില്‍ തെറ്റിദ്ധരിക്കരുതെന്നും രാംദാസ് ചൂണ്ടിക്കാട്ടി. വികസനം താല്‍പര്യം മാത്രമാണ് തീരുമാനത്തിന് പിന്നിലെന്നാണ് രാംദാസ് അവകാശപ്പെടുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News