എല്ലാ മുറികളിലും എസി, പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന സൗകര്യങ്ങള്‍; കാണ്‍പൂരില്‍ 6 ഏക്കറില്‍ തീര്‍ത്ത ഭോലെ ബാബയുടെ ആശ്രമം

ഏക്കറുകളില്‍ വ്യാപിച്ചുകിടക്കുന്ന 24 ആശ്രമങ്ങളുടെ ഒരു ശൃംഖലയാണ് ബാബയുടെ ശ്രീനാരായണ്‍ സാകര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ളത്

Update: 2024-07-05 10:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

കാണ്‍പൂര്‍: ഹാഥ്റസില്‍ തിക്കിലും തിരക്കിലും പെട്ട് 122 പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ വിവാദ ആള്‍ദൈവം ഭോലെ ബാബയുടെ ആഡംബര ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏക്കറുകളില്‍ വ്യാപിച്ചുകിടക്കുന്ന 24 ആശ്രമങ്ങളുടെ ഒരു ശൃംഖലയാണ് ബാബയുടെ ശ്രീനാരായണ്‍ സാകര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ളത്.

 കാണ്‍പൂരിലെ ബിധ്നു ഏരിയയിലൂള്ള കൗസി ഗ്രാമത്തിലെ ആശ്രമം ആഡംബരങ്ങള്‍ക്ക് പേര് കേട്ടതാണ്. ആറ് ഏക്കറില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന വിധത്തിലുള്ളതാണ് ഈ ആശ്രമം. കാൺപൂർ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആശ്രമത്തിന് വാരണാസിയിലെ പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റെ മാതൃകയിൽ കൂറ്റൻ കവാടങ്ങളും മൂന്ന് താഴികക്കുടങ്ങളും ഉണ്ട്. മനോഹരമായ കൊത്തുപണികളും വ്യത്യസ്തമായ ഡിസൈനുകളുമാണ് ഗേറ്റിന്‍റെ സവിശേഷത. കാൺപൂർ ആശ്രമത്തിൽ ഭോലെ ബാബയുടെ ഏതാനും സെക്യൂരിറ്റി ജീവനക്കാര്‍ താമസിക്കുന്നുണ്ടെന്നും അതിൻ്റെ പരിപാലനത്തിൻ്റെ ഉത്തരവാദിത്തം അവർക്കാണെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശ്രമത്തിന് പുറത്ത് പൂക്കൾ കൊണ്ട് അലങ്കരിച്ച ഭോലെ ബാബയുടെയും ഭാര്യ ദേവി മായുടെയും ഒരു വലിയ ചിത്രമുണ്ട്. ഗേറ്റിനുപുറത്ത് മതപരമായ ഉദ്ധരണികള്‍ എഴുതിയിട്ടുണ്ട്. ആശ്രമ വളപ്പിനുള്ളിൽ പച്ചക്കറികളും പൂക്കളും വിളയുന്ന ഒരു വലിയ തോട്ടവും സമീപത്തായി പശുത്തൊഴുത്തുമുണ്ട്. ആശ്രമത്തിലെ എല്ലാ മുറികളിലും എസിയുണ്ട്. ബാൽക്കണിയിൽ വലിയ കൂളറുകളും ഫാനുകളും സ്ഥാപിച്ചിരിക്കുന്നു. ആശ്രമത്തിൻ്റെ മധ്യഭാഗത്ത് മതപരമായ സമ്മേളനങ്ങൾ നടക്കുന്ന ഒരു ആഡംബര 'സത്സംഗഭവൻ' കാണാം. ഹാളിൽ വലിയ കൂളറുകളും സ്പീക്കറുകളും സ്ഥാപിച്ചിട്ടുണ്ട്. ചുവരുകള്‍ അലങ്കാരങ്ങളാല്‍ സമ്പന്നമാണ്.


"അനേകം ഭക്തർ ബാബയുടെ അത്ഭുതങ്ങൾ കണ്ടിട്ടുണ്ട്. ഭോലെ ബാബ നടക്കുന്ന മണ്ണ് തന്നെ ഒരു പുണ്യസ്ഥലമാണ്. അതിൽ സ്പർശിച്ചാൽ എല്ലാ രോഗങ്ങളും മാറും," ആശ്രമത്തിലെ ഒരു സേവാദര്‍ പറഞ്ഞു. ബാബ ദൈവത്തിന്‍റെ അവതാരമാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഹാഥ്റസില്‍ നടന്ന സത്സംഗിന് ശേഷം ബാബയുടെ പാദം പതിഞ്ഞ മണ്ണ് ശേഖരിക്കാനായി ഭക്തര്‍ ഓടിയെത്തിയപ്പോഴാണ് തിക്കുംതിരക്കുമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭോലെ ബാബ ദൈവത്തിന്‍റെ അവതാരമല്ലെന്നും ചതിയനാണെന്നും കൗസി ഗ്രാമത്തിലെ ആളുകള്‍ പറഞ്ഞു.''ആളുകളെ കബളിപ്പിച്ച് അവരുടെ ഭൂമി തട്ടിയെടുത്താണ് ഇയാൾ ആശ്രമം ഉണ്ടാക്കിയത്. ബാബ ഒരു അവതാരമോ ദൈവമോ ആണെങ്കിൽ, ഹാഥ്റസില്‍ കൊല്ലപ്പെട്ട നിരപരാധികളെ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം, ”ഒരു ഗ്രാമീണൻ പറഞ്ഞു.

ആശ്രമം കാരണം മൃഗങ്ങളെ മേയാന്‍ വിടാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് ഗ്രാമവാസികൾ പറയുന്നു. “ മൃഗങ്ങളെ മേയ്ക്കാൻ കൊണ്ടുപോകുമ്പോൾ ആശ്രമത്തിലെ കാവൽക്കാർ ഞങ്ങളെ തടയുന്നു,” മറ്റൊരു ഗ്രാമീണൻ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News