ജെ.ഡി.യു വക്താവ് സ്ഥാനം രാജിവെച്ച് കെ.സി ത്യാഗി

സ്ഥാനമൊഴിയുന്നത് ബി.ജെ.പിക്ക് നിരന്തരം തലവേദന സൃഷ്ടിച്ച നേതാവ്

Update: 2024-09-01 08:04 GMT
Advertising

പട്ന: ബി.ജെ.പി നേതൃത്വം നൽകുന്ന എ.ഡി.എ മുന്നണിക്ക് നിരന്തരം തലവേദന സൃഷ്ടിച്ച ജെ.ഡി.യു വക്താവ് കെ.സി. ത്യാഗി സ്ഥാനമൊഴിഞ്ഞു. വ്യക്തിപരാമയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി വക്താവിന്റെ സ്ഥാനം രാജിവെച്ചത്. ഇദ്ദേഹത്തിന് പകരമായി രാജീവ് പ്രസാദ് രഞ്ജനെ ദേശീയ വക്താവായി പാർട്ടി പ്രസിഡന്റും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ നിയമിച്ചു.

അതേസമയം, കേന്ദ്ര സർക്കാറിന്റെ വിവിധ നയങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ അഭിപ്രായങ്ങളിൽ ജെ.ഡി.യു നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇതാണ് രാജിയിൽ കലാശിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയായിരുന്നു ത്യാഗിയുടെ പല പ്രസ്താവനകളും.

ഏകസിവിൽ കോഡ്, ലാറ്ററൽ എൻട്രി, വഖഫ് ഭേദഗതി ബിൽ, ഫലസ്തീൻ വിഷയം എന്നിവ​യിലെല്ലാം അദ്ദേഹത്തിന്റെ അഭിപ്രായത്തോടെ പാർട്ടിയിലെ പലരും വിയോജിച്ചിരുന്നു. കൂടാതെ ഇത് ബി.ജെ.പിക്ക് നാണക്കേടുണ്ടാക്കിയതായും വിലയിരുത്തലുണ്ടായിരുന്നു. 

‘മുസ്‍ലിംകൾക്കെതിരെ ഒരു നീക്കവും അനുവദിക്കില്ല’

മൂന്നാം മോദി സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ തന്നെ ത്യാഗിയുടെ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. തങ്ങൾ ഭരണത്തിലിരിക്കെ മുസ്‌ലിംകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരായ ഒരു നീക്കവും അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഏക സിവിൽകോഡ് അടിച്ചേൽപ്പിക്കൽ പാടില്ലെന്നും നിയമം നടപ്പാക്കും മുമ്പ് എല്ലാ വിഭാഗവുമായും ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഏക സിവിൽ കോഡ് വിഷയത്തിൽ പറയാനുള്ളത് പാർട്ടി പരിഷ്‌കരണങ്ങൾക്ക് എതിരല്ലെന്നാണ്. എന്നാൽ, വിഷയത്തിൽ ആരൊക്കെ കക്ഷികളാണോ അവരുമായെല്ലാം ചർച്ച നടത്തണം. എല്ലാ മുഖ്യമന്ത്രിമാരുമായും മുഴുവൻ രാഷ്ട്രീയ പാർട്ടികളുമായും എല്ലാ സാമൂഹിക വിഭാഗങ്ങളുമായെല്ലാം ചർച്ച നടത്തി സമഗ്രമായൊരു കരടാണു തയാറാക്കേണ്ടത്. എല്ലാവരുമായും വിശദമായി ചർച്ച നടത്തി പൊതുസമ്മതത്തിലെത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള അടിച്ചേൽപ്പിക്കലുമുണ്ടാകരുതെന്നും കെ.സി ത്യാഗി പറഞ്ഞു. അഗ്നിവീർ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘ഇസ്രായേലിന് ആയുധങ്ങൾ നൽകരുത്’

ഇസ്രായേലിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നത് നിർത്തണമെന്ന് കഴിഞ്ഞയാഴ്ചയാണ് കെ.സി ത്യാഗി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാക്കളോടൊപ്പം ചേർന്നാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

ലീഗ് ഓഫ് പാർലമെന്റേറിയന്‍സ് ഫോർ അൽ ഖുദ്‌സിന്റെ സെക്രട്ടറി ജനറൽ മുഹമ്മദ് മക്രം ബലാവിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരോടൊപ്പം ചേര്‍ന്നാണ് ത്യാഗിയും നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താനും ഫലസ്തീനെ പിന്തുണക്കാനും വേണ്ടി പാർലമെന്ററി പ്രവര്‍ത്തനങ്ങളെ ആഗോള തലത്തില്‍ ഏകോപിപ്പിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് 'ലീഗ് ഓഫ് പാർലമെന്റേറിയന്‍സ് ഫോർ അൽ ഖുദ്‌സ്'.

സ്വതന്ത്ര രാജ്യമെന്ന ഫലസ്തീന്റെ ആവശ്യത്തെ ആദ്യ നാളുകൾ മുതൽ തന്നെ പാര്‍ട്ടി പിന്തുണച്ചിരുന്നുവെന്ന് ത്യാഗി വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടേതുൾപ്പെടെയുള്ള ഇന്ത്യൻ സർക്കാരും ഫലസ്തീന്റെ ആവശ്യത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഗസ്സയില്‍ പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും ഇസ്രായേലിനെയും ഫലസ്തീനെയും സംബന്ധിച്ച യു.എൻ പ്രമേയങ്ങൾ മാനിക്കപ്പെടണമെന്നും ത്യാഗി വ്യക്തമാക്കി. ഞായറാഴ്ച നടന്ന യോഗത്തിന് ശേഷം ത്യാഗിയും പ്രതിപക്ഷ നേതാക്കളും ഇസ്രായേലിന് ആയുധം നൽകരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രസ്താവനയും പുറത്തിറക്കിയിരുന്നു. ലാറ്ററൽ എൻട്രി, വഖഫ് ഭേദതി ബിൽ എന്നിവയിൽ അദ്ദേഹം നടത്തിയ പ്രസ്താവനകളും ഏറെ ചർച്ചയായിരുന്നു.

ബിഹാറിൽനിന്നുള്ള മുൻ എം.പി കൂടിയാണ് കെ.സി. ത്യാഗി. രാജ്യസഭാ അംഗമായിരിക്കെ വ്യവസായം സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും ഇദ്ദേഹം വഹിച്ചിരുന്നു. ഒമ്പതാം ലോക്സഭയിലെ അംഗമായിരുന്ന സമയത്ത് സെൻട്രൽ വെയർഹൗസിങ് കോർപറേഷന്റെയടക്കം രണ്ട് കമ്മിറ്റികളുടെ ചെയർമാനായും പ്രവർത്തിച്ചു. 1974ലാണ് കെ.സി. ത്യാഗി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1984ലാണ് ആദ്യമായി ലോക്സഭായിലേക്ക് മത്സരിക്കുന്നത്. 73കാരനായ ഇദ്ദേഹം രാഷ്ട്രീയ യാത്രയിൽ പൂർണമായും നിതീഷ് കുമാറിന്റെ കൂടെയായിരുന്നു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News